വടകര: അധ്യാപകനും കലാ സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കേരള മാപ്പിള കലാ അക്കാദമി സ്ഥാപകന്‍ പി.എച്ച്.അബ്ദുല്ലയുടെ ഓര്‍മയ്ക്കായി വര്‍ഷംതോറും അധ്യാപക
ദിനത്തോടനുബന്ധിച്ച് നല്‍കി വരാറുള്ള അവാര്‍ഡിന് വടകര മണിയൂര്‍ സ്വദേശിയും തലശ്ശേരി ബ്രണ്ണന്‍ കോളജ് പ്രൊഫസറുമായ രാജേന്ദ്രന്‍ എടത്തുംകര അര്‍ഹനായി. അധ്യാപന രംഗത്തെ മികവിനും പ്രഭാഷണഗവേഷണ മേഖലകളിലെ ശ്രദ്ധേയമായ ഇടപെടലുകള്‍ക്കും മാപ്പിള കലകളെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് അക്കാദമി ജില്ലാ പ്രസിഡന്റ് എം.കെ.അഷ്‌റഫ്, ജനറല്‍ സെക്രട്ടറി അഷ്‌റഫ് കൊടുവള്ളി എന്നിവര്‍ അറിയിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്. ബേക്കല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസറും മാപ്പിള കലാ അക്കാദമി സംസ്ഥാന ചീഫ് കോഡിനേറ്ററുമായ മുഹമ്മദലി കാസര്‍കോട്, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ഡോ. സി.പി.ശിവദാസന്‍, മാപ്പിള കലാ അക്കാദമി സംസ്ഥാന രക്ഷാധികാരിയും അധ്യാപകനുമായ ഫൈസല്‍ എളേറ്റില്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. അധ്യാപനത്തോടൊപ്പം വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും പഠനങ്ങളും നടത്തിവരുന്ന രാജേന്ദ്രന്‍ എടത്തുംകര മാപ്പിള കലകളുടെ ചരിത്രം, പാരമ്പര്യം, സാമൂഹിക പശ്ചാത്തലം, കലാ-സാംസ്‌കാരിക സവിശേഷതകള്‍ എന്നിവയെക്കുറിച്ച് ഗൗരവപൂര്‍വമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. മാപ്പിളപ്പാട്ട്
ഉള്‍പ്പെടെയുള്ള മാപ്പിള കലാ രൂപങ്ങളെ കേവലം വിനോദത്തിന്റെ ഭാഗമായി കാണാതെ, മലബാറിന്റെ സാമൂഹികസാംസ്‌കാരിക ചരിത്രത്തിന്റെ പ്രധാന അടയാളങ്ങളായി സമീപിച്ചാണ് രാജേന്ദ്രന്‍ പഠനങ്ങള്‍ നടത്തുന്നത്. മാപ്പിള കലകളുടെ രൂപീകരണവും വികാസവും അതിന്റെ സാമൂഹിക സാഹചര്യങ്ങളും ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഈ മേഖലയിലെ പഠനങ്ങള്‍ക്ക് ഏറെ വിലപ്പെട്ടതാണ്. അധ്യാപകന്‍ എന്ന നിലയില്‍ വിദ്യാര്‍ഥികളില്‍ അന്വേഷണാത്മക ചിന്തയും വായനാശീലവും വളര്‍ത്തുന്നതിലും രാജേന്ദ്രന്‍ ശ്രദ്ധേയമായ പങ്കുവഹിക്കുന്നുണ്ട്. മാപ്പിള കലകളുടെ ശാസ്ത്രീയ പഠനത്തിനും ഗവേഷണത്തിനും പുതിയ തലമുറയിലെ അധ്യാപകരെയും ഗവേഷകരെയും പ്രോത്സാഹിപ്പിക്കുകയാണ് അവാര്‍ഡിലൂടെ ലക്ഷ്യമിടുന്നതെന്നു ഭാരവാഹികള്‍ വ്യക്തമാക്കി.















