ആയഞ്ചേരി: മണ്ഡലത്തിലെ നിര്‍ത്തിവെച്ച റോഡുകളുടെ നിര്‍മാണം വേഗത്തിലാക്കാന്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം അനിവാര്യമാണെന്ന് പാറക്കല്‍ അബ്ദുല്ല എംഎല്‍എ
പറഞ്ഞു. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി എംഎല്‍എ ഓഫീസില്‍ ചേര്‍ന്ന പൊതുമരാമത്ത് വകുപ്പ്, കേരള വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെയും കോണ്‍ട്രാക്ടര്‍മാരുടെയും അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ മൂലം തടസ്സപ്പെട്ട റോഡ് പ്രവൃത്തികള്‍ ഉടന്‍ പുനരാരംഭിക്കാന്‍ യോഗത്തില്‍ ധാരണയായി. സാങ്കേതിക നൂലാമാലകളും വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങളും പരിഹരിച്ച് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എ കര്‍ശന നിര്‍ദേശം നല്കി. ആയഞ്ചേരി തെരു-അരൂര്‍ കല്ലുമ്പുറം റോഡ്, കാവില്‍-തീക്കുനി റോഡ്, എസ്മുക്ക്-മംഗലാട്-കോട്ടപ്പള്ളി-തിരുവള്ളൂര്‍ റോഡിന്റെ രണ്ടാം റീച്ച് എന്നിവയുടെ നിര്‍മാണ പ്രവൃത്തികള്‍ക്കാണ് യോഗത്തില്‍ അന്തിമ തീരുമാനമായത്. റോഡ് പണി തടസ്സപ്പെടുന്നത് ജനങ്ങള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് അടിയന്തര ഇടപെടലുകള്‍ നടത്താനും പ്രവര്‍ത്തന പുരോഗതി കൃത്യമായി വിലയിരുത്താനും യോഗം തീരുമാനിച്ചു.















