തിരുവനന്തപുരം: മെസിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ നടത്തിയ തട്ടിപ്പില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചതായി ആഭ്യന്തര മന്ത്രി രമേശ്
ചെന്നിത്തല. മെസിയെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ നിയമപ്രശ്നങ്ങളുണ്ടെന്ന് മനസിലായി. അതിന്റെ അടിസ്ഥാനത്തില്‍ എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പ് അന്വേഷിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. ‘എഡിജിപി, എസ്പി, ഡിവൈഎസ്പി എന്നിവരടങ്ങുന്ന ടീമാണ് രൂപീകരിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നല്കിയ കത്തും നിയമോപദേശ റിപ്പോര്‍ട്ടും സംഘത്തിന് കൈമാറും. എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്’ മന്ത്രി വ്യക്തമാക്കി. മെസിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ സ്പോണ്സര് 126 കോടി വിദേശ ഏജന്‍സിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട് വിദേശനാണയ വിനിമയച്ചട്ട പ്രകാരം (ഫെമ) ഇഡി കേസെടുത്തിരുന്നു. സ്പോണ്സര് ഫെമ വ്യവസ്ഥകള്‍ പാലിച്ചില്ലെന്നാണ് ഇഡിയുടെ പ്രാഥമിക നിഗമനം. ഇടപാടിന് കള്ളപ്പണം വിനിയോഗിച്ചോ എന്നതടക്കം (കള്ളപ്പണ വിനിയോഗ നിയന്ത്രണ നിയമം) ഇഡിക്ക് അന്വേഷിക്കണമെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍, ഫെമ നിയമപ്രകാരം കേസെടുക്കുന്നതില്‍ തടസമില്ല. അതിനാലാണ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. തുക കൈമാറിയത് സംബന്ധിച്ച രേഖകള്‍, സ്പോണ്സര് ഒപ്പിട്ട കരാര്‍, അനുബന്ധരേഖകള്‍ തുടങ്ങിയവ വിലയിരുത്തിയായിരുന്നു കേസെടുത്തത്. സംസ്ഥാന കായികവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്, രേഖകള്‍ എന്നിവയും ശേഖരിച്ചിരുന്നു.















