തിരുവനന്തപുരം: പിണറായിയിലെ തന്റെ വീടിന് മുന്നിൽ ഗതാഗത യോഗ്യമല്ലാത്ത ജീപ്പ്
പൊലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നുവെന്ന മാധ്യമ വാർത്തകളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വ്യക്തിപരമായി അപമാനിക്കുക എന്ന പൊതു ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു.
പിണറായിയിലെ എന്റെ വീടിനു മുന്നില്‍ പൊലീസ് ഔട്ട്പോസ്റ്റ് ഇടുന്നത് പൊലീസിന്റെ ഔദ്യോഗിക നടപടിക്രമത്തിന്റെ ഭാഗമായി മാത്രമാണെന്ന് പിണറായി വിജയൻ പറയുന്നു. മന്ത്രി മന്ദിരങ്ങള്‍ക്കു മുന്നില്‍ ഇപ്പോഴും സദാ കാവല്‍ നില്‍ക്കുന്ന ഔട്ട് പോസ്റ്റ് ഡ്യൂട്ടിക്കാരുണ്ട്. ഇതെല്ലാം ഔദ്യോഗികമായ നടപടിക്രമങ്ങളുടെ ഭാഗമാണ്. എന്റെ
വീടിന്റെ മുന്നില്‍ പൊലീസ് സ്റ്റേഷന്‍ ഒരുകാലത്തും ആരംഭിച്ചിട്ടില്ല. സാധാരണ നടപടിക്രമം എന്ന നിലയില്‍ ഒരു പൊലീസ് വാഹനത്തില്‍ പൊലീസുകാര്‍ വന്നുപോയിരുന്നു. പിന്നീട് ആ വാഹനം ഗതാഗത യോഗ്യമല്ലാതെ അവിടെത്തന്നെ കിടന്നു. അവിടെ നിന്നും മാറ്റി വാഹനം റിപ്പയര്‍ ചെയ്ത് ഉപയോഗിക്കും എന്നാണ് അന്ന് പോലീസ് പറഞ്ഞിരുന്നത്. ഇപ്പോള്‍ അധികാരമൊഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും ആ വാഹനം മാറ്റുകയുണ്ടായില്ല. ഇതിനു പിന്നിലെ കാരണം വിശദീകരിക്കേണ്ടത് പൊലീസാണ്. വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
















