
വടകര: ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ കോഴിക്കോട്, പോര്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റ്, കാരുണ്യം പെയിന്‍& പാലിയേറ്റീവ് കെയര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വൃക്ക-കരള്‍ രോഗ
പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യം ക്യാമ്പിനെ ശ്രദ്ധേയമാക്കി. സുഡാന്, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നു കേരളത്തിലെത്തിയ ആറ് ആരോഗ്യ പ്രവര്‍ത്തകരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇവര്‍ ക്യാമ്പ് സന്ദര്‍ശിക്കുകയും ക്യാമ്പിലെത്തിയവരുമായും സംഘാടകരുമായും സംവദിക്കുകയും ചെയ്തു.
കേരളത്തിലെ ആരോഗ്യമേഖലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനായി കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ എത്തിയതായിരുന്നു അവര്‍.
വൃക്ക-കരള്‍ രോഗ പരിശോധന ക്യാമ്പ് മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദിന്‍ഷ ഉദ്ഘാടനം ചെയ്തു. ഇപ്പോള്‍ കൂടുതലായി കാണപ്പെടുന്ന വൃക്ക-കരള്‍ രോഗങ്ങള്‍ക്ക് തടയിടാന്‍ മുന്‍കൂട്ടിയുള്ള പരിശോധനകള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇത്തരം ക്യാമ്പുകള്‍ വ്യാപകമായി സംഘടിപ്പിക്കേണ്ടതിന്റെ
പ്രാധാന്യത്തെക്കുറിച്ചും അവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ എം.പി.അനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പോര്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളായ ഷാജി പുതിയോട്ടില്‍, പ്രശാന്ത് പയ്യോളി, ലിബിന് കൊയിലാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടന്നു. ജീവിത ശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു ഡോ. ശ്രീലക്ഷ്മി ക്ലാസെടുത്തു. എം.പി.അബ്ദുള്‍റഷീദ്, സുരേഷ്.വി.പി, സജിവന്.ടി.സി, അജ്മല്‍.പി.പി എന്നിവര്‍ സംസാരിച്ചു.
















