നാദാപുരം: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുനിലിന്റെ കുടുംബത്തിന് അര്‍ഹമായ സര്‍ക്കാര്‍ ധനസഹായവും മറ്റ് ആനുകൂല്യങ്ങളും അടിയന്തരമായി
അനുവദിക്കണമെന്ന് മുസ്ലിംലീഗ് നാദാപുരം മണ്ഡലം നേതൃസമിതി ആവശ്യപ്പെട്ടു. നരിപ്പറ്റ, വാണിമേല്‍ തുടങ്ങിയ നാദാപുരം മണ്ഡലത്തിലെ മലയോര മേഖലകളില്‍ വന്യജീവി ആക്രമണങ്ങള്‍ നിരന്തരം വര്‍ധിച്ചുവരുന്നത് ജനജീവിതത്തിനും കാര്‍ഷിക മേഖലയ്ക്കും ഗുരുതരമായ ഭീഷണിയായി മാറിയിരിക്കുകയാണ്. വന്യജീവികള്‍ ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും നിരന്തരം കടന്നുകയറുന്നതുമൂലം കര്‍ഷകര്‍ക്ക് വന്‍തോതില്‍ കൃഷിനാശവും സാമ്പത്തിക നഷ്ടവും നേരിടേണ്ടിവരുന്നു. അതോടൊപ്പം ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വത്തിനും വലിയ ഭീഷണിയാണ് നിലനില്‍ക്കുന്നത്. വന്യജീവി ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍, അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണുന്നതിനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണം. സുനിലിന്റെ ദാരുണ മരണവുമായി ബന്ധപ്പെട്ട് നാദാപുരം എംഎല്‍എ കെ.എം.അഭിജിത്ത് നടത്തിയ അവസരോചിത ഇടപെടല്‍ പ്രശംസനീയമാണെന്ന് യോഗം വിലയിരുത്തി. കുടുംബത്തിന് ആവശ്യമായ സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും പ്രദേശത്തെ വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനും എംഎല്‍എ നടത്തിയ ഇടപെടലുകള്‍ തുടര്‍ന്നും ശക്തമായി മുന്നോട്ടുകൊണ്ടുപോകണമെന്നും യോഗം ആവശ്യപ്പെട്ടു. മുഹമ്മദ് ബംഗ്ലത്ത് അധ്യക്ഷത വഹിച്ചു. എം.പി.ജാഫര്‍, സി.കെ.സുബൈര്‍, സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കല്‍, ടി.കെ.ഖാലിദ്, ടി.എം.വി.ഹമീദ്, ബി.പി.മൂസ്സ, എന്‍.കെ.മൂസ്സ, വി.വി.മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു.















