വടകര: ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കേരള മോഡല്‍ ഏറെ അനുകരണീയമാണെന്ന് തമിഴ്‌നാട് വഖഫ് ന്യൂനപക്ഷ ക്ഷേമ മന്ത്രി എ.എം.ഷാജഹാന്‍ അഭിപ്രായപ്പെട്ടു. വടകര ടൗണ്‍
ഹാളില്‍ എസ്‌വി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ എസ്‌വി പുരസ്‌കാരം ഡോ. എം.കെ.മുനീറിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത് സി.എച്ച്.മുഹമ്മദ് കോയയായിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ ഇപ്പോള്‍ ബിരുദ വിദ്യാര്‍ഥികളായ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 50 വര്‍ഷത്തിനു ശേഷം തമിഴ്‌നാട്ടില്‍ ഇത്തരമൊരു ആനുകൂല്യം നല്‍കാന്‍ മന്ത്രിസഭയില്‍ ഒരു മുസ്ലിം ലീഗ് പ്രതിനിധി ആവശ്യമായി വന്നു എന്നത് യാദൃശ്ചികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഎച്ചിന്റെ പ്രിയ പുത്രന്‍ ഡോ. എം.കെ.മുനീറിന് പുരസ്‌കാരം നല്‍കാന്‍ സാധിച്ചതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. ഒരു മന്ത്രി എന്ന നിലയില്‍ തനിക്ക് സെലിബ്രേറ്റികള്‍ തമിഴ്‌നാട്ടിലേതിനേക്കാള്‍ കൂടുതല്‍ കേരളത്തിലാണുള്ളതെന്ന് കഴിഞ്ഞ രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ അനുഭവപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങ് ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു. എം.ടി.അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുല്ല എംഎല്‍എ, എംസി വടകര, പി.പി.ജാഫര്‍, എന്‍.പി.അബ്ദുല്ലഹാജി, സി.കെ.സുബൈര്‍, മാനസ കരിം, അബ്ദു റബ് നിസ്താര്‍, അഹമ്മദ് പുന്നക്കല്‍, ഡോ. സി.എം.കുഞ്ഞിമൂസ, പി.സഫിയ, നുസൈബ തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊഫ. കെ.കെ.മഹമൂദ് സ്വാഗതവും കെ.ടി.യൂനുസ് നന്ദിയും പറഞ്ഞു.















