കണ്ണൂര്‍: പാര്‍ട്ടിയെ തകര്‍ക്കുക എന്ന ഒറ്റ വികാരത്തോടെയാണ് വി.കുഞ്ഞികൃഷ്ണന് പെരുമാറിയതെന്നും ശത്രുക്കളുടെ കൈയിലെ കോടാലിയായി മാറിയെന്നും പ്രതിപക്ഷ
നേതാവ് പിണറായി വിജയന്. പയ്യന്നൂരിലെ മാത്തില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് പയ്യന്നൂര്‍ എംഎല്‍എക്കെതിരെ പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ചെങ്കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത പരാജയം പാര്‍ട്ടിക്കുള്ളിലെ ചിലരുടെ ചതിയുടെ ഫലമാണെന്നും തെറ്റ് വെച്ചുപൊറുപ്പിക്കുന്ന പ്രസ്ഥാനമല്ല സിപിഎമ്മെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് രാഷ്ട്രീയ കുത്തൊഴുക്കിലും പ്രതികൂല പ്രചാരണങ്ങള്‍ക്കിടയിലും എല്‍ഡിഎഫിന് ഉറച്ചുനില്ക്കാന് കഴിഞ്ഞ പാരമ്പര്യമാണ് പയ്യന്നൂരിന്റേത്. ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനം രേഖപ്പെടുത്തിയ 1987ല്‍ പോലും 50 ശതമാനം വോട്ട് എല്‍ഡിഎഫിന് പയ്യന്നൂര്‍ ഉറപ്പിച്ചു നല്‍കിയിരുന്നു. എന്നാല്‍, അങ്ങനെയുള്ള ഉറച്ച മണ്ണില്‍ ഇത്തവണ എങ്ങനെ തോല്‍വിയുണ്ടായി എന്ന ചോദ്യം ന്യായമായും ഉയരുമെന്ന് പിണറായി പറഞ്ഞു. ‘പയ്യന്നൂരിലെ വോട്ടര്‍മാര്‍ ഏറെയും സിപിഎമ്മിനെ നെഞ്ചേറ്റുന്നവരാണ്. എന്നാല്‍, പാര്‍ട്ടിക്കകത്തു നിന്ന് ചിലര്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ആസൂത്രിതമായി ശ്രമിച്ചു. നേതൃതലത്തില്‍ ഇരുന്നുകൊണ്ട് തന്നെ പാര്‍ട്ടിക്ക് വിരുദ്ധമായ മറ്റ് അവിഹിത ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ഇവര്‍ നോക്കി. ഒരു കമ്മ്യൂണിസ്റ്റ് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അവര്‍ ചെയ്തത്’ വി.കുഞ്ഞികൃഷ്ണന് എംഎല്‍എക്കെതിരെ പിണറായി തുറന്നടിച്ചു.















