
വടകര: കോഴിക്കോട് റൂറല്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ലഹരി മാഫിയക്കെതിരായ ‘ഓപ്പറേഷന്‍ തൂഫാന്‍-ദി നാര്‍ക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി
മുതിര്‍ന്ന പൗരന്മാരെയും സര്‍വീസില്‍ നിന്ന് വിരമിച്ച പോലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി വിപുലമായ ബോധവല്‍ക്കരണ-പ്രതിരോധ പരിപാടി സംഘടിപ്പിക്കുന്നു. ‘സീനിയര്‍ സിറ്റിസണ്‍സ് മീറ്റിംഗും തൂഫാന്‍ കെയര്‍ ഡിക്ലറേഷനും’ 31ന് തിങ്കളാഴ്ച വൈകുന്നേരം വടകര മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുമെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലഹരി നിര്‍മാര്‍ജനത്തില്‍ വയോജനങ്ങളുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും സാമൂഹിക സ്വാധീനവും ജീവിതാനുഭവങ്ങളും പരമാവധി പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയിലൂടെ
ലക്ഷ്യമിടുന്നതെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥരെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ‘ഫോഴ്‌സ് മള്‍ട്ടിപ്ലയര്‍’ ആയി ഉപയോഗപ്പെടുത്തും. ലഹരിയുടെ ആദ്യകാല ലക്ഷണങ്ങള്‍ തിരിച്ചറിയാനും ഇരകളാകുന്ന കുട്ടികള്‍ക്കും യുവാക്കള്‍ക്കും ആവശ്യമായ കൗണ്‍സിലിംഗും പുനരധിവാസ പിന്തുണയും നല്‍കാനും ഇവരുടെ സേവനം ഉറപ്പാക്കും.
ലഹരിവിരുദ്ധ സന്ദേശ റാലി തിങ്കളാഴ്ച വൈകുന്നേരം നാലിന് വടകര സാംസ്‌കാരിക
ചത്വരത്തില്‍ നിന്ന് ആരംഭിച്ച് അഞ്ചുവിളക്ക് വഴി ടൗണ്‍ഹാളില്‍ സമാപിക്കും.തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.കെ.കെ. രമ എംഎല്‍എ അധ്യക്ഷത വഹിക്കും.
പത്മശ്രീ മീനാക്ഷി അമ്മ ഉള്‍പ്പെടെയുള്ള പ്രമുഖരെയും വിരമിച്ച പോലീസ് പ്രതിനിധികളെയും ‘തൂഫാന്‍ വാരിയര്‍’ ആയി പ്രഖ്യാപിച്ച് ആദരിക്കും. എം.കെ. രാഘവന്‍ എംപി ബാഡ്ജ് വിതരണം നിര്‍വഹിക്കും.ജില്ലാതലത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ‘തൂഫാന്‍ പോസ്റ്റര്‍ രചനാ മത്സര’ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഷാഫി പറമ്പില്‍ എംപി വിതരണം ചെയ്യും.ഐ.ജി (നോര്‍ത്ത് സോണ്‍) & തൂഫാന്‍ നോഡല്‍ ഓഫീസര്‍ പുട്ട
വിമലാദിത്യ വിഷയാവതരണവും കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി കെ.കാര്‍ത്തിക് തൂഫാന്‍ സന്ദേശവും നല്‍കും.
ചടങ്ങില്‍ ജില്ലയിലെ ജനപ്രതിനിധികള്‍, എംഎല്‍എമാര്‍, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.പി. ഷൗക്കത്തലി, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, റെസിഡന്‍സ് അസോസിയേഷന്‍-വ്യാപാരി-സാമൂഹിക-സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. നാടിനെ ലഹരിമുക്തമാക്കാനുള്ള ഈ ജനകീയ മുന്നേറ്റത്തില്‍ മുഴുവന്‍ പൊതുജനങ്ങളും പങ്കാളികളാകണമെന്ന് റൂറല്‍ എസ്പി അഭ്യര്‍ഥിച്ചു.
















