
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക
ജോലി തടസ്സപ്പെടുത്തല്‍ അന്യായമായി തടഞ്ഞുവെക്കല്‍, അപമാര്യാദയായി പെരുമാറല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. രാവിലെ 11ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ അര്‍ധരാത്രിയാണ് അനിലിനെ ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുത്തത്.
ചേന്തിയിലെ ചതയദിന പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ജില്ലാ നേതാവ് ചേന്തി അനിലിന്റെ നേതൃത്വത്തില്‍ വാഹനവ്യൂഹം തടഞ്ഞത്. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയില്‍ പങ്കെടുക്കാന്‍
പോകുന്നതിനിടെ സംഘം മുഖ്യമന്ത്രിയുടെ വാഹനം തടയുകയായിരുന്നു. മുഖ്യമന്ത്രി കാറില്‍ നിന്നിറങ്ങി എന്താണ് സംഭവമെന്ന് ചോദിച്ചു. ‘എന്താ പ്രശ്നം എന്താ? മര്യാദയ്ക്ക് സംസാരിച്ചോളണം’ എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ‘മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കില്‍ എന്ത് ചെയ്യും?’ എന്നായിരുന്നു ചേന്തി അനിലിന്റെ മറുചോദ്യം.
അതേസമയം, ചേന്തിയിലെ ചതയ ദിന പരിപാടിയില്‍ പങ്കെടുക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി സമ്മതിച്ചതാണെന്നാണ് അനില്‍ അവകാശപ്പെടുന്നത്. അവസാനനിമിഷം വരെ അദ്ദേഹം വരുമെന്ന് പറഞ്ഞു. ഇന്നലെ പോലീസ് ഉദ്യോഗസ്ഥരെത്തി പരിശോധനയും നടത്തി.
എന്നാല്‍, ഉള്ളൂരിലെ കല്യാണ വീട്ടിലെത്തിയ മുഖ്യമന്ത്രി ചേന്തിയിലെ പരിപാടിയില്‍ എത്തിയില്ല. വാഹന വ്യൂഹത്തിന് കൈകാണിച്ചപ്പോള്‍ മുഖ്യമന്ത്രി പുറത്തിറങ്ങി ക്ഷുഭിതനായാണ് സംസാരിച്ചത്. സംഘാടകര്‍ക്കൊപ്പമുണ്ടായിരുന്ന പീതാംബരക്കുറുപ്പിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റിയെന്നും ചേന്തി അനില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേന്തി അനിലിനെയും കൂട്ടരേയും തള്ളിമാറ്റിയാണ് മുഖ്യമന്ത്രിക്ക് പോകാന്‍ സൗകര്യം ഒരുക്കിയത്. മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയതിന് സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്ഐയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
















