തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയില്‍ തടഞ്ഞ കേസില്‍ ഡിസിസി അംഗം ചേന്തി അനിലിനെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക
അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്.
തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ എന്‍. ശക്തനാണ് നടപടി എടുത്തത്. കെപിസിസി നേതൃത്വത്തിന്‍റെ അനുമതിയോടെയാണ് നടപടി. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞു പ്രതിഷേധിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഇന്നലെ ചേന്തിയിൽ നടക്കാനിരുന്ന ചതയദിന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് വാഹനവ്യൂഹം തടഞ്ഞത്. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ കോണ്‍ഗ്രസ്
ജില്ലാ നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയുടെ വാഹനം തടയുകയായിരുന്നു. മുഖ്യമന്ത്രി കാറിൽ നിന്നിറങ്ങി എന്താണ് സംഭവമെന്ന് ചോദിച്ചു. ‘എന്താ പ്രശ്‌നം എന്താ? മര്യാദയ്ക്ക് സംസാരിച്ചോളണം’ എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ ‘മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ എന്ത് ചെയ്യും?’ എന്നായിരുന്നു ചേന്തി അനിലിന്റെ മറുചോദ്യം. സംഭവത്തിൽ ചേന്തി അനിലിനെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.അതേസമയം, തന്റെ അറസ്റ്റ് പാർട്ടിയിലെ ഗ്രൂപ്പ് തർക്കത്തിന്റെ ഭാഗമാണെന്നു ചേന്തി അനിൽ പറഞ്ഞു.
















