
ചോമ്പാല: ഫിഷിങ്ങ് ഹാര്‍ബറിന്റെ വികസനത്തിനായി സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരന്‍ കൂടിയായ മുന്‍ കെപിസിസി പ്രസിഡന്റ്
മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യമന്ത്രി വി.ഡി. സതീശനും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂറിനും നിവേദനം നല്‍കി. 5000 ലേറെ തൊഴിലാളികളും 1200 നാടന്‍ വള്ളങ്ങളും മോട്ടോര്‍ ബോട്ടുകളും മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന ചോമ്പാല ഫിഷിങ്ങ് ഹാര്‍ബര്‍ മലബാറില്‍ ഏറെ പ്രശസ്തമാണ്. ചോമ്പലയില്‍ ഒരു ഫിഷിങ് ഹാര്‍ബര്‍ വേണമെന്ന നാട്ടുകാരുടെ ചിരകാല ആവശ്യം യാഥാര്‍ഥ്യമായത് 1991ല്‍ പി.വി.നരസിംഹ റാവു മന്ത്രിസഭയില്‍ മുല്ലപ്പള്ളി കേന്ദ്ര കൃഷി, സഹകരണ, ഫിഷറീസ് മന്ത്രിയായ കാലത്താണ്. 1999 ല്‍ പ്രവര്‍ത്തനം
ആരംഭിച്ചെങ്കിലും കഴിഞ്ഞ 10 വര്‍ഷം വികസനം പാടെ മുടങ്ങിക്കിടക്കുകയായിരുന്നുവെന്ന് നിവേദനത്തില്‍ വ്യക്തമാക്കി. വള്ളങ്ങള്‍ക്കും മോട്ടോര്‍ ബോട്ടുകള്‍ക്കും സുഗമമായി തീരമണയാന്‍ അടിയന്തരമായി ഡ്രഡ്ജിങ് നടത്തേണ്ടതുണ്ട്.
പത്തു വര്‍ഷമായി തീരത്ത് അടിഞ്ഞു കൂടിയ ചെളിയും മണലും നീക്കം ചെയ്യുകയും തുറമുഖത്തിന്റെ തെക്കും വടക്കും ഭാഗങ്ങളില്‍ ജട്ടിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്യണം.
പേരിന് മാത്രം പ്രവര്‍ത്തിക്കുന്ന ആരോഗ്യ
സബ് സെന്ററില്‍ പകല്‍ സമയത്തെങ്കിലും ഡോക്ടരുടെ സേവനം ഉറപ്പാക്കുക, കുടി വെളള്ളം, ശൗചാലയം, വൈദ്യുതി, സിസിടിവി എന്നിവയും ഹാര്‍ബറില്‍ ഉറപ്പാക്കേണ്ടതാണ്. ഹാര്‍ബറിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പ് വരുത്തുകയും നൂറുകണക്കിന് ലോറികള്‍, ടെമ്പോകള്‍ തുടങ്ങിയ വാഹനങ്ങക്ക് വരാനും പോകാനും സൗകര്യം ഉണ്ടാക്കുക തുടങ്ങി പ്രധാന കാര്യങ്ങളാണ് നിവേദനത്തില്‍ എടുത്തു പറഞ്ഞിട്ടുള്ളത്.
ഹാര്‍ബര്‍ എഞ്ചിനിയറിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ഉടനടി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായി ഫിഷറീസ് മന്ത്രി വി.ഇ.അബ്ദുള്‍ ഗഫൂര്‍ മുല്ലപ്പളളിയെ അറിയിച്ചു.
















