വടകര: ഗ്രാമീണ മേഖലകളില്‍ ഗാര്‍ഹിക എല്‍പിജി റീഫില്‍ ബുക്കിംഗിന് 45 ദിവസത്തെ കാത്തിരിപ്പ് സമയം ഏര്‍പ്പെടുത്തിയ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ തീരുമാനം
അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംപി കേന്ദ്ര പെട്രോളിയം-്രപകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് കത്ത് നല്‍കി. നഗരപ്രദേശങ്ങളില്‍ 25 ദിവസത്തിനുള്ളില്‍ ബുക്കിംഗ് അനുവദിക്കുമ്പോള്‍ ഗ്രാമീണ കുടുംബങ്ങള്‍ക്ക് 45 ദിവസം നിശ്ചയിച്ചിരിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വാവകാശത്തിന്റെ ലംഘനമാണെന്ന് എംപി ചൂണ്ടിക്കാട്ടി. 2011ലെ പഴകിയ സെന്‍സസ് കണക്കുകള്‍ അടിസ്ഥാനമാക്കി 2026ലെ ഇന്ധന ആവശ്യങ്ങള്‍ നിശ്ചയിക്കുന്നത് തികച്ചും അപ്രായോഗികമാണ്. വിറക് പോലുള്ള പരമ്പരാഗത ഇന്ധനങ്ങളുടെ ഉപയോഗം നിലയ്ക്കുകയും 98.5 ശതമാനത്തിലധികം വീടുകളിലും എല്‍പിജി ഉപയോഗിക്കുകയും ചെയ്യുന്ന കേരളം പോലൊരു സംസ്ഥാനത്ത് ഗ്രാമനഗര വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരുപോലെ ഇന്ധനാവശ്യമുണ്ട്. രാജ്യത്ത് നിലവില്‍ പാചകവാതക ക്ഷാമമില്ലെന്നതും 99 ശതമാനത്തിലധികം വിതരണവും ഡെലിവറി ഓതന്റിക്കേഷന്‍ കോഡ് വഴിയായതിനാല്‍ കരിഞ്ചന്തക്കും മറ്റു കുത്രിമങ്ങള്‍ക്കും സാധ്യതയില്ലെന്നതും വ്യക്തമാണ്. ഓണം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, വീട്ടമ്മമാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ വിവേചനപരമായ നയം ഒഴിവാക്കി ഗ്രാമീണ മേഖലകളിലും ബുക്കിംഗ് കാത്തിരിപ്പ് സമയം 25 ദിവസമായി കുറയ്ക്കണമെന്നും രാജ്യത്തുടനീളം ഏകീകൃതവും നീതിയുക്തവുമായ വിതരണം ഉറപ്പാക്കണമെന്നും എംപി കത്തില്‍ ആവശ്യപ്പെട്ടു.















