വടകര: മുസ്ലിം യൂത്ത് ലീഗ് വടകര മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 30
യൂത്ത് ലീഗ് ദിനത്തില്‍ പ്രതിനിധി സംഗമവും അറബി-ഉറുദു ഭാഷാ സമര പോരാട്ടത്തില്‍ രക്തസാക്ഷികളായ മജീദ്, റഹ്മാന്, കുഞ്ഞിപ്പ എന്നിവര്‍ക്ക് അനുസ്മരണവും സംഘടിപ്പിച്ചു. വിവിധ ശാഖകളെ പ്രതിനിധീകരിച്ച് എത്തിച്ചേര്‍ന്ന പ്രവര്‍ത്തകരും ഭാരവാഹികളും
പങ്കെടുത്ത പരിപാടി ആവേശകരമായി. പ്രതിനിധി സംഗമം പാറക്കല്‍ അബ്ദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമൂഹത്തോടുള്ള പ്രതിബദ്ധതയും സേവന മനോഭാവവും ഉയര്‍ത്തിപ്പിടിച്ച് യുവജനങ്ങള്‍ മുന്നോട്ടുപോകണമെന്നും സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കി ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ജില്ലാ സെക്രട്ടറി ടി.ടി.ഇസ്മയില്‍ മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ ആശയപരമായ അടിത്തറയും കാലാനുസൃതമായ വെല്ലുവിളികളും പ്രവര്‍ത്തകര്‍ ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളും അദ്ദേഹം വിശദീകരിച്ചു. യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് യൂനസ് ആവിക്കല്‍ അധ്യക്ഷത വഹിച്ചു. എന്‍.പി.അബ്ദുള്ള ഹാജി, വി.കെ.അസീസ്, പി.കെ.സി.റഷീദ്, എം.ഫൈസല്‍, വി.ഫൈസല്‍, അഫ്നാസ് ചോറോട്, അന്‍സീര്‍ പനോളി, റഫീഖ് വാഴയില്‍, മുനീര്‍, അജ്നാസ്.കെ.പി, സഫ്വാന്, അന്‍സീര്‍.എ.വി, അനസ് ചടവത്ത്, അബു, അജ്നാസ്.പി എന്നിവര്‍ സംസാരിച്ചു.















