നാദാപുരം: ക്ഷേത്രത്തിലെ പൂജയ്‌ക്കെത്തിയ വിദ്യാര്‍ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്ന പരാതിയില്‍ പൂജാരിക്ക് മൂന്നേകാല്‍ വര്‍ഷം തടവും 5000 രൂപ പിഴയും
ശിക്ഷ. മുതുവണ്ണാച്ച സ്വദേശി സി.കെ.വിനോദനെയാണ് (52) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ദേവന്‍.കെ.മേനോന്‍ ശിക്ഷിച്ചത്. 2024 സപ്തംബര്‍ 20 ന് പാലേരി വെങ്ങശ്ശേരിയിലെ ക്ഷേത്രത്തില്‍ പൂജയ്‌ക്കെത്തിയ വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ പൂജാമുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചത്. പരാതിയെ തുടര്‍ന്ന് പേരാമ്പ്ര പോലീസ് കേസെടുക്കുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ പി.ഷമീര്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ സി.ശ്രീജ എന്നിവരാണ് കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 11 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി. എഎസ്‌ഐ ഷാനി.പി.എം പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.















