
വടകര: മേമുണ്ടയില്‍ വീട്ടില്‍ നിര്‍ത്തിയ മൂന്ന് വാഹനങ്ങള്‍ കവര്‍ന്ന സംഭവം നാടിനെ നടുക്കിയെങ്കിലും പിന്നീടത് ഒന്നുമല്ലാതായി. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ കള്ളന്‍ കയറി ബിഎംഡബ്ല്യു കാറും ബൈക്കും സ്‌കൂട്ടറും മോഷ്ടിച്ചെന്നാണ് വടകര പോലീസില്‍ വിവരം
എത്തുന്നത്. പിന്നാലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കളവ് സംബന്ധിച്ച് വീട്ടുകാരുടെ ബന്ധു മാധ്യമങ്ങള്‍ക്ക് വിവരം നല്‍കുകയും ചെയ്തു.
ബിഎംഡബ്ല്യു കാര്‍, ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക്, ആക്റ്റീവ സ്‌കൂട്ടി എന്നീ വാഹനങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടതായി ബന്ധു പറഞ്ഞു. വീടിനുള്ളിലെ ലോക്കറില്‍ സൂക്ഷിച്ച താക്കോലുകള്‍ എടുത്താണ് വാഹനങ്ങള്‍ കടത്തിക്കൊണ്ടുപോയതെന്നും സ്‌കോഡ കാര്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ബാറ്ററി ഡൗണ്‍ ആയതിനാല്‍ ഉപേക്ഷിച്ച നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. ഈ കാറിന്റെ ചാവിയും സംഭവസ്ഥലത്തുനിന്ന്
കണ്ടെത്തി. വീട്ടിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌കും കവര്‍ന്നു. വാഹനം കളവ് ചെയ്ത് കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യം മറ്റൊരു ക്യാമറയില്‍ നിന്നു ലഭിച്ചു.
സ്ഥലത്തെത്തിയ വടകര പോലീസ് സംഭവം ഗൗരവമായി എടുത്തു. കവര്‍ച്ചക്ക് പിന്നില്‍ വീടുമായി അടുത്ത ബന്ധമുള്ളവരാവാമെന്ന സംശയം പോലീസ് പ്രകടിപ്പിച്ചു. അന്വേഷണവുമായി മുന്നോട്ട് പോകാന്‍ നിശ്ചയിച്ചതിനാല്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഉള്‍പെടെ സ്ഥലത്തെത്താനിരിക്കെയാണ് ബന്ധുക്കള്‍ തമ്മിലുള്ള പ്രശ്‌നമാണ് പിന്നിലെന്ന വിവരമെത്തുന്നത്. സാമ്പത്തിക പ്രശ്‌നത്തിന്റെ പേരില്‍ ചെയ്തതാണെന്നും ഇതു സംബന്ധിച്ച് പരാതിയില്ലെന്നും പറഞ്ഞതോടെ പോലീസ് പിന്മാറുകയായിരുന്നു.
















