
വടകര: കോഴിക്കോട് റൂറല്‍ ജില്ലയില്‍ വിവിധ സ്റ്റേഷന്‍ പരിധിയില്‍ പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ കേസ് കഴിഞ്ഞതോടെ പോലീസ് നശിപ്പിച്ചു. കോടതിയില്‍ ഹാജരാക്കി
നടപടികള്‍ കഴിഞ്ഞതും വിചാരണ പൂര്‍ത്തിയായതുമായ കേസുകളില്‍ സുരക്ഷിതമായി ഗോഡൗണില്‍ സൂക്ഷിച്ച തൊണ്ടി മുതലുകളില്‍ പെട്ട ലഹരി വസ്തുക്കളാണ് ഡ്രഗ് ഡിസ്‌പോസല്‍ കമ്മിറ്റിയുടെ സാന്നിധ്യത്തില്‍ നശിപ്പിച്ചത്. റൂറല്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ഡിസ്‌പോസല്‍ നടപടിയില്‍ പിടിച്ചെടുത്ത കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ കത്തിച്ചും എംഡിഎംഎ വെള്ളത്തില്‍ ലയിപ്പിച്ചും നശിപ്പിച്ചു. കോടതി അനുവാദം നല്കിയതും ഡ്രഗ് ഡിസ്‌പോസല്‍ കമ്മിറ്റി അംഗീകാരം നല്കിയതുമായ ജില്ലയിലെ 23 മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട 48.98 കിലോഗ്രാം കഞ്ചാവ്, 713.94 ഗ്രാം എംഡിഎംഎ മെത്താഫെറ്റാമിന്‍ മയക്കുമരുന്ന് എന്നിവയാണ് നശിപ്പിച്ചത്. ഡ്രഗ് ഡിസ്‌പോസല്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ റൂറല്‍ എസ്പി മെറിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ അഡീഷണല്‍ എസ്പി വി.രമേശന്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ടി.ഉത്തംദാസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുഭാഷ് പറങ്ങന്‍ എന്നിവരടങ്ങിയ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് ലഹരി വസ്തുക്കള്‍ നശിപ്പിച്ചത്. റിസര്‍വ് ഇന്‍സ്‌പെക്ടര്‍ ജോസ് ജോര്‍ജ്, ഗോഡൗണ്‍ ഇന്‍ ചാര്‍ജ് എഎസ്‌ഐ ഷിബു, നാര്‍ക്കോട്ടിക് സെല്ലിലെയും ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെയും പോലീസ് സേനാംഗങ്ങള്‍ എന്നിവര്‍ ഡ്രഗ് ഡിസ്‌പോസല്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. മയക്കുമരുന്ന് കേസുകളില്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷിത മാനദണ്ഡങ്ങളും നടപടി ക്രമങ്ങളും പാലിച്ചു ലഹരിവസ്തുക്കള്‍ നശിപ്പിച്ചത്.















