വടകര: മൂന്ന് അധ്യാപികമാരടക്കം അഞ്ചു പേര്‍ പിടിയിലായ വടകര എംഡിഎംഎ കേസിലെ പ്രതികളുടെ സ്വത്തുകള്‍ കണ്ടുകെട്ടുമെന്നും ഇടപാടുകളുടെ സ്രോതസ്
കണ്ടെത്തുമെന്നും കണ്ണൂര്‍ റേഞ്ച് ഡിഐജി കെ.കാര്‍ത്തിക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ചെറിയ കേസ് സംബന്ധിച്ച അന്വേഷണമാണ് ഈ രൂപത്തിലൊരു വലിയ നെറ്റ്‌വര്‍ക്കിലേക്ക് എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 28നാണ് വടകരയില്‍ ഓട്ടോ ഡ്രൈറായ സഫ്വാന്‍ രണ്ടര ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ഈ പ്രതിയെ ചോദ്യം ചെയ്തതിലൂടെയാണ് ഏവരേയും നടുക്കും മട്ടില്‍ അധ്യാപികമാരടക്കമുള്ള സംഘം അറസ്റ്റിലായത്. നിലവില്‍ അഞ്ച് പ്രതികളാണ് പിടിയിലായത്. ഇരിട്ടിയിലെ ജിജിലിനും വടകരക്കാരന്‍ സഫ്വാനും പുറമെ അധ്യാപികമാരായ മരുതോങ്കര സ്വദേശിനി കീര്‍ത്തന, കൂരാച്ചുണ്ട് സ്വദേശിനി കാവ്യ, ആവള കുട്ടോത്ത് സ്വദേശിനി നീഷ്മ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ബാങ്ക് അക്കൗണ്ട്
പരിശോധിച്ചപ്പോള്‍ വന്‍തുകയുടെ ഇടപാട് നടന്നതായാണ് കണ്ടെത്തിയത്. ഇരിട്ടി സ്വദേശി ജിജില്‍ കുര്യാക്കോസിന്റെ അക്കൗണ്ടിലൂടെ ആറ് മാസത്തിനിടെ നടന്നത് ഒരു കോടി രൂപയുടെ ഇടപടാണ്. ഡെലിവറി ഏജന്റായി ജോലി ചെയ്യുകയാണ് ഇയാള്‍. ഇത്രയേറെ പണം എങ്ങനെ അക്കൗണ്ടിലെത്തിയെന്നത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. മറ്റ് പ്രതികളുടെ അക്കൗണ്ട് വിവരങ്ങള്‍ പരശോധിച്ചപ്പോള്‍ അതിലൂടെയും ലക്ഷക്കണക്കിന് രൂപയുടെ ഇടപാട് നടന്നതായി വ്യക്തമായിട്ടുണ്ട്. ആരാണ് ഇവര്‍ക്ക് പൈസ കൊടുത്തത്, ഇത് പോകുന്നത് എവിടെയാണ്, ഈ പണമിടപാടിലൂടെ എത്ര രൂപ ഇവര്‍ ഉണ്ടാക്കി തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും ഡിഐജി പറഞ്ഞു. ലഹരി വില്‍പ്പനയിലൂടെ എന്തെങ്കിലും സ്വത്തുക്കള്‍ സമ്പാദിച്ചുണ്ടെങ്കില്‍ അത് എന്‍ഡിപിഎസ് നിയമപ്രകാരം കണ്ടുകെട്ടുമെന്നും ഡിഐജി വ്യക്തമാക്കി. അറസ്റ്റിലായ അഞ്ച് പ്രതികളുടെയും മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഇവര്‍ക്ക് പരസ്പരം ബന്ധമുള്ളതായി വ്യക്തമായിട്ടുണ്ട്. കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയതായും എടിഎം കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അധ്യാപികമാര്‍ കാശിനു വേണ്ടി ഇടപാടില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. കുറ്റം പ്രാഥമികമായി തന്നെ
വ്യക്തമായതു കൊണ്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. പന്ത്രണ്ടായിരം രൂപ ശമ്പളമേ അധ്യാപികമാര്‍ക്ക് ലഭിക്കുന്നുള്ളൂ. പക്ഷേ അക്കൗണ്ടില്‍ ലക്ഷങ്ങളുടെ ഇടപാട് നടന്നതായി വ്യക്തമായിട്ടുണ്ട്. കൂടുതല്‍ പേര്‍ കണ്ണികളായിട്ടുണ്ടോയെന്നത് അന്വേഷിക്കുന്നുണ്ടെന്നും അത്തരക്കാരെയും പ്രത്യേക അന്വേഷണ സംഘം പിടികൂടുമെന്നും ഡിഐജി പറഞ്ഞു. വിദേശ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചതും വിദേശ യാത്ര നടത്തിയതിനെ കുറിച്ചും പരിശോധിക്കും. പിടിയിലായ അധ്യാപികമാരടക്കമുള്ളവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും അന്വേഷണം നല്ല രീതിയില്‍ മുന്നോട്ടുപോവുന്നുണ്ടെന്നും ഡിഐജി അറിയിച്ചു. അന്വേഷണ സംഘത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. റൂറല്‍ എസ്പി മെറിന്‍ ജോസഫ്, നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ടി.ഉത്തംദാസ്, വടകര ഡിവൈഎസ്പി കെ.സനില്‍കുമാര്‍, വടകര സിഐ എ.വി.ദിനേശ്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.















