
വടകര: പുതുപ്പണം പാലയാട്ട്നട ജംഗ്ഷനില്‍ അണ്ടര്‍പാസ് നേടിയെടുക്കാന്‍ സമരസജ്ജരായി ജനങ്ങള്‍ രംഗത്ത്. ഇവിടെ അനിവാര്യമായ അണ്ടര്‍ പാസ്
അനുവദിക്കാതെയാണ് പാലോളി പാലം-മൂരാട് പാലം ആറുവരി ദേശീയപാത പദ്ധതി പൂര്ത്തീകരിച്ചിരിക്കുന്നതെന്ന ആക്ഷേപം നാട്ടുകാര്‍ ഉന്നയിക്കുന്നു.
എന്‍എച്ച് വികസനത്തിന്റെ തുടക്കത്തില്‍ തന്നെ ജനങ്ങള്‍ അടിപ്പാതയെന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയും സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ന്യായമായ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഈ നിഷേധാത്മക നിലപാട് മൂലം സമീപപ്രദേശങ്ങളിലെ ആയിരക്കണക്കിന് ജനങ്ങളും പുതുപ്പനത്തെ ഏക ഹയര്‍ സെക്കന്ററി വിദ്യാലയമായ ജെഎന്എംഎച്ച്എസ് സ്കൂളിലെ വിദ്യാര്‍ഥികളും മണിയൂര്‍
ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ യാത്രക്കാരും വലിയ ദുരിതമാണ് അനുഭവിക്കുന്നത്. എളുപ്പം എത്തിച്ചേരാന്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലേക്ക് ഇന്ന് കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥ. ജീവന് പണയം വെച്ച് ദേശീയപാതയുടെ മെയിന്‍ ഗാരേജ് വേ മുറിച്ചു കടന്ന് യാത്ര ചെയ്യേണ്ട സാഹചര്യം നിലനില്‍ക്കുകയാണ്. ഇത് ആളപായങ്ങള്‍ക്കു വഴിവെക്കാന്‍ സാധ്യതയുണ്ട്.
ദേശീയപാതയുടെ മറ്റ് പ്രദേശങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായ ശേഷവും ജനങ്ങളുടെ ആവശ്യം പരിഗണിച്ച് പുതിയ അണ്ടര്‍ പാസുകള്‍ അനുവദിച്ചുകൊണ്ടിരിക്കുകയാണ്.
പാലയാട്ട് നടയിലെ ജനങ്ങളുടെ ന്യായമായ ആവശ്യവും അംഗീകരിക്കപ്പെടണമെന്ന് ഇവിടത്തുകാര്‍ വ്യക്തമാക്കി. ഇക്കാര്യം സര്‍ക്കാരിന്റെയും ദേശീയപാത അതോറിറ്റിയുടെയും ശ്രദ്ധയില്‍ എത്തിക്കുന്നതിനും ശക്തമായ ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നതിനുമായി പുതുപ്പണത്ത് ബഹുജന കണ്വെന്ഷന് സംഘടിപ്പിച്ചു. പാലയാട്ട് നട ഹൈവേ ക്രോസ് അടിപ്പാത സമരസമിതി ചെയര്‍പേഴ്സണ്‍ പി കെ സിന്ധുവിന്റെ അധ്യക്ഷതയില്‍ വടകര മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി
ചെയര്മാന് കെ. ഗോപാലകൃഷ്ണന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. അനിശ്ചിതകാല സമരപ്പന്തല്‍ മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ദിന്‍ഷ. കെ ഉദ്ഘാടനം ചെയ്തു. ഫസലു പുതുപ്പണം, അജിത്ത് കെ.ടി.കെ, ജെഎന്‍എം പ്രിന്‍സിപ്പാള്‍ നിഷാ കെ, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രശാന്തി, രജില ടി പി, സജീര്‍, അജിത, ദിലീപ് വി.കെ, കെ. രതീശ്, രാഘവന് നല്ലാടത്ത്, പി.കെ ബാലകൃഷ്ണന്, എ.പി. ഷാജിത്ത്, എ എം ലാലു, സി.പി ചന്ദ്രന്, എന്നിവര്‍ സംബന്ധിച്ചു.
സിന്ധു പി കെ ചെയര്‍പേഴ്സണും ഫസലു പുതുപ്പണം കണ്‍വീനറും പവിത്രന് ട്രഷററുമായി അടിപ്പാത സമരസമിതി നിലവില്‍ വന്നു.
















