
വിലങ്ങാട്: പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പെട്ട് കാണാതായ ഉത്തര്‍പ്രദേശ് സ്വദേശി പത്തൊമ്പതുകാരന്‍ നിഖംകുമാറിൻ്റെ മൃതദേഹം കണ്ടെത്തി. നാലാം ദിവസമായ ഇന്ന് നടന്ന
ജനകീയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. വിലങ്ങാട്ടെ ഗ്യാസ് ഗോഡൗണിന് സമീപം മരങ്ങള്‍ക്കിടയില്‍ തങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ഞായറാഴ്ച വൈകുന്നേരമാണ് വിലങ്ങാട് കൂളിക്കാവ് ഭാഗത്ത് എട്ടംഗ സംഘത്തോടൊപ്പം പുഴയിലിറങ്ങിയ യുവാവിനെ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായത്. അന്ന് മുതല്‍ ഫയര്‍ഫോഴ്‌സും പ്രദേശവാസികളും സന്നദ്ധ പ്രവര്‍ത്തകരും വിലങ്ങാട് മുതല്‍ മുടിക്കല്‍പാലം വരെയുള്ള പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കെ.എം അഭിജിത്ത് എംഎല്‍എയുടെയും വാണിമേല്‍
പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാറിന്റെയും നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് സജിന മണ്ണിയൂറിന്റെയും നിര്‍ദേശപ്രകാരം ഇന്ന് രാവിലെ നടന്ന ജനകീയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. എട്ടംഗ സംഘത്തിലെ മൂന്നുപേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ രണ്ടു പേരെ അപ്പോൾ തന്നെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. വനമേഖലയിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് പുഴയിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
















