
അഴിയൂര്‍: ദേശീയപാതയില്‍ ചോമ്പാലയില്‍ കേറ്റില്‍ അണ്ടര്‍ പാസേജിനായി (സിയുപി) മുറവിളി ഉയരുന്നു. അഴിയൂര്‍, ഒഞ്ചിയം, ഏറാമല, ചോറോട്, മാഹി തുടങ്ങിയ പ്രദേശങ്ങളില്‍
നിന്നു കന്നുകാലികള്‍ ഉള്‍പെടെയുള്ള വളര്‍ത്തു മൃഗങ്ങളും വളര്‍ത്തു പക്ഷികളുമായി ആളുകള്‍ എത്തുന്നതാണ് വടകര ബ്ലോക്ക് ഓഫീസിനോട് ചേര്‍ന്ന മൃഗാശുപത്രി. ദേശീയപാത പണിപൂര്‍ത്തീകരിക്കുന്നതോടെ മൃഗാശുപത്രിയിലേക്കുള്ള സഞ്ചാര പാത അടയുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. പ്രത്യേകിച്ച് പടിഞ്ഞാറന്‍ മേഖലയിലുള്ളവര്‍.
ഇതിനു പരിഹാരമായി ബ്ലോക്ക് ഓഫീസിന് സമീപം കേറ്റില്‍ അണ്ടര്‍ പാസേജ് അനുവദിക്കണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന്
ജനപ്രതിനിധികള്‍, സാമൂഹിക- രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത ജനകീയ കുട്ടായ്മയാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്.
എന്‍.ശ്രീകല അധ്യക്ഷത വഹിച്ച യോഗത്തില്‍ കവിത അനില്‍കുമാര്‍, കെ ജയചന്ദ്രന്‍, സജീവന്‍ വാണിയംകുളം, വി കെ അനില്‍കുമാര്‍, സുജിത്ത് പുതിയോട്ടില്‍, എ ടി മഹേഷ്, വി പി പ്രകാശന്‍, ടി ടി പത്മനാഭന്‍, വി പി അനില്‍കുമാര്‍, സി കെ സുജിത്ത്, അജയ് മാളിയേക്കല്‍, പി വി ദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















