ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള മോദി സര്‍ക്കാരിന്റെ നരനായാട്ടില്‍ പ്രതിഷേധിച്ച് ജൂലൈ 24 ന് അഖിലേന്ത്യ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ. നീറ്റ്
പരീക്ഷാ ചോര്‍ച്ചയും വിദ്യാഭ്യാസമേഖലയിലെ മറ്റ് വീഴ്ചകളെയും ചൂണ്ടിക്കാണിച്ച് രാജ്യത്തെ വിദ്യാര്‍ഥി-യുവജന സംഘടനകള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെ ഡല്‍ഹി പോലീസും കേന്ദ്ര സേനകളും നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമര പരിപാടികള്‍ എസ്എഫ്‌ഐ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ശ്രീജന്‍ ഭട്ടാചാര്യയാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. പ്രസിഡന്റ് ആദര്‍ശ് എം
സജി, ജോയിന്‍ സെക്രട്ടറി ഒയ്ഷി ഘോഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രക്ഷോഭത്തില്‍ സ്ത്രീകളെ പോലും വലിച്ചിഴയ്ക്കുകയും ലാത്തിച്ചാര്‍ജ്, കണ്ണീര്‍ വാതകം, റബ്ബര്‍ ബുള്ളറ്റുകള്‍ എന്നിവയ്ക്ക് പുറമെ പെല്ലറ്റ് ഗണ്ണുകള്‍, ഇരുമ്പ് മുള്ളുകളുള്ള വടികള്‍, ഇലക്ട്രിക് ഷോക്ക് എന്നിവ പോലും പ്രക്ഷോഭകാരികള്‍ക്കെതിരെ പോലീസ് പ്രയേ?ഗിച്ചത് രാജ്യം കണ്ടതാണ്. മനുഷ്യാവകാശ ലംഘനമാണ് രാജ്യ തലസ്ഥാനത്ത് അരങ്ങേറിയത്. മോഡി പോലീസിന്റെ ഈ ക്രൂരതയില്‍ എസ്എഫ്‌ഐ അപലപിച്ചു.
ജൂലൈ 23 ന് എല്ലാ സംസ്ഥാനങ്ങളിലും
ഡിവൈഎഫ്‌ഐ, എഐഡിഡബ്ല്യുഎ, എഐകെഎസ്, സിഐടിയു, എഐഎഡബ്ല്യുയു തുടങ്ങിയ സംഘടനകളുടെ പിന്തുണയോടെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ലോക്ഭവന്‍ മാര്‍ച്ച് നടത്തും. 24 ന് അഖിലേന്ത്യ പഠിപ്പുമുടക്ക്. സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളില്‍ ക്ലാസ് ബഹിഷ്‌കരണം നടക്കും. രാത്രി 10 മണി മുതല്‍ പന്തംകൊളുത്തി പ്രകടനങ്ങളും സാംസ്‌കാരിക പരിപാടികളുമായി രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രതിഷേധ സംഗമങ്ങള്‍ നടക്കും.
















