
ന്യൂഡല്‍ഹി: നീറ്റ് ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച് ജനതാ പാര്‍ട്ടി (സിജെപി) പ്രഖ്യാപിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍
സംഘര്‍ഷം. സമരക്കാര്‍ പാര്‍ലമെന്റിനടുത്തേക്ക് എത്തിയതോടെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ലാത്തിവീശിയിട്ടും പിരിഞ്ഞുപോവാന്‍ തയ്യാറാവാതെ വിദ്യാര്‍ഥികളും യുവാക്കളും സമരവുമായി മുന്നോട്ടു നീങ്ങിയതോടെ ജന്തര്‍ മന്തര്‍ സംഘര്‍ഷഭൂമിയായി മാറി. റെയ്‌സീനാ റോഡിലും സംഘര്‍ഷം ഉടലെടുത്തു. പ്രദേശത്തേക്ക് കൂടുതല്‍ സുരക്ഷാസേനയെ നിയോഗിച്ചു. സമരത്തെ നേരിടാന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്തെത്തി. പാര്‍ലമെന്റിന് പുറത്ത് സുരക്ഷ ശക്തമാക്കി. രാവിലെ മുതല്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധവും സംഘര്‍ഷവും ആരംഭിച്ചിരുന്നു.
നാലു ബാരിക്കേഡുകള്‍ സമരക്കാര്‍ മറിച്ചിട്ടു. സംഘര്‍ഷത്തിനിടെ പ്രതിഷേധക്കാര്‍ക്കും
പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിസ്സാര പരിക്കേറ്റു. സെന്‍ട്രല്‍ ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റും വിച്ഛേദിച്ചു. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നതുവരെ സമരം തുടരുമെന്നാണ് സിജെപി നിലപാട്.
പാര്‍ലമെന്റ് മാര്‍ച്ചിനോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഡല്‍ഹിയിലെത്തിയത്. പോലീസ് നടപടിക്കിടയിലും പിന്തിരിയാതെ ജന്തര്‍ മന്തറില്‍ തുടരുകയാണ് വിദ്യാര്‍ഥികള്‍.
മെട്രോ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ അടച്ചിട്ടാണ് പോലീസ് സുരക്ഷ ഒരുക്കിയത്. പോലീസിന് പുറമേ 25 ബറ്റാലിയന്‍ കേന്ദ്രസേനയേയും പ്രതിഷേധം അടിച്ചമര്‍ത്താന്‍ നിയോഗിച്ചിരുന്നു.
പ്രതിഷേധം കനത്തതോടെ ഡല്‍ഹിയുടെ വിവിധ മേഖലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.
ചര്‍ച്ചക്ക് തയാറാണെന്ന് കേന്ദ്രം
പ്രതിഷേധക്കാരുമായി ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് അറിയിച്ചു. കേന്ദ്ര മന്ത്രി ജെ.പി.നഡ്ഡ ചര്‍ച്ചകള്‍ക്കു വിളിച്ചതായാണ് സിജെപി വൃത്തങ്ങള്‍ അറിയിക്കുന്നത്. സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരടങ്ങുന്ന സിജെപി സംഘം ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
















