കോഴിക്കോട്: ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ വിപുലമായി നടത്തുന്നതുമായി ബന്ധപ്പെട്ട് കലക്ടര്‍ എം.എസ്.മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍
ചേംബറില്‍ യോഗം ചേര്‍ന്നു. രാവിലെ ഒമ്പതിന് വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനത്താണ് ജില്ലാതല സ്വാതന്ത്ര്യദിന ഔദ്യോഗിക പരേഡും ചടങ്ങുകളും നടക്കുക. വിവിധ പോലീസ് സേനാവിഭാഗങ്ങള്‍, എക്‌സൈസ്, ഫയര്‍ ഫോഴ്‌സ്, ഫോറസ്റ്റ് വകുപ്പുകള്‍, എന്‍സിസി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഉള്‍പ്പെടെ 29 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. സ്വാതന്ത്ര്യദിന പരേഡിന്റെ മുന്നൊരുക്കങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി ഓഗസ്റ്റ് 11, 12 തീയതികളില്‍ ഉച്ചക്ക് ശേഷം മൂന്നിന് റിഹേഴ്‌സലും 13ന് രാവിലെ 7.30ന് ഫുള്‍ ഡ്രസ്സ് റിഹേഴ്‌സലും നടക്കും. ആഘോഷങ്ങള്‍ കുറ്റമറ്റ രീതിയില്‍ സംഘടിപ്പിക്കുന്നതിനായി വിവിധ വകുപ്പുകള്‍ക്ക് യോഗത്തില്‍ ചുമതല നല്‍കി. പരേഡ് ഗ്രൗണ്ട് വൃത്തിയാക്കുന്നതിനും ഫ്‌ളാഗ് പോള്‍, സ്റ്റേജ്, പന്തല്‍ എന്നിവ നിര്‍മിക്കുന്നതിനും പിഡബ്ല്യുഡി (ബില്‍ഡിങ്‌സ്) വിഭാഗത്തെ ചുമതലപ്പെടുത്തി. കോഴിക്കോട് കോര്‍പ്പറേഷന്‍ ഇതിനാവശ്യമായ ശുചീകരണ യന്ത്രങ്ങളും ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്തും. റിഹേഴ്‌സല്‍ ദിവസങ്ങളിലും സ്വാതന്ത്ര്യദിനത്തിലും കേഡറ്റുകള്‍ക്ക് സഞ്ചരിക്കുന്നതിനായി ആര്‍ടിഒ പ്രത്യേക സ്‌കൂള്‍ ബസുകള്‍ ക്രമീകരിക്കും. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ മെഡിക്കല്‍ ടീമിനെയും ആംബുലന്‍സിനെയും ഡിഎംഒ നിയോഗിക്കും. ഫയര്‍ഫോഴ്‌സ്
വാഹനത്തിന്റെ സേവനവും മൈതാനത്തുണ്ടാകും. പിഡബ്ല്യുഡി ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് വിഭാഗങ്ങള്‍ മൈതാനത്തെ ലൈറ്റിങ്, സൗണ്ട് സിസ്റ്റം എന്നിവ ഓഗസ്റ്റ് 8 മുതല്‍ ക്രമീകരിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ബാന്‍ഡും സാംസ്‌കാരിക പരിപാടികളും ഒരുക്കും. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോര്‍പറേഷന്‍/മുനിസിപ്പല്‍ ഓഫീസുകളിലും സ്വാതന്ത്ര്യദിനം ഉചിതമായ രീതിയില്‍ ആഘോഷിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. സബ് കലക്ടര്‍ ചടങ്ങുകളുടെ ലെയ്‌സണ്‍ ഓഫീസറായി പ്രവര്‍ത്തിക്കും. യോഗത്തില്‍ എഡിഎം കെ.ഷറീന, സബ് കലക്ടര്‍ എസ്.ഗൗതം രാജ്, അസിസ്റ്റന്റ് കലക്ടര്‍ മാളവിക.ജി.നായര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.















