
ഫ്‌ളോറിഡ: ഫിഫ ലോകകപ്പിന്റെ ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ നോര്‍വേയെ മറികടന്ന് ഇംഗ്ലണ്ട് സെമിയില്‍. ഫ്‌ലോറിഡയിലെ മിയാമി ഹാര്‍ഡ് റോക്ക്
സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ നോര്‍വേയെ 2-1 ന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് അവസാന നാലില്‍ പ്രവേശിച്ചത്. ഇംഗ്ലണ്ടിനായി സൂപ്പര്‍ താരം ജൂഡ് ബെല്ലിംഗ്ഹാം ഇരട്ട ഗോളുകള്‍ നേടി ടീമിന്റെ വിജയശില്പിയായി.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും, 36-ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ആന്‍ഡ്രിയാസ് ഷെല്‍ഡെറൂപ്
നോര്‍വേയ്ക്ക് അപ്രതീക്ഷിത ലീഡ് സമ്മാനിച്ചു. ഇടതുവശത്ത് നിന്ന് ബോക്‌സിലേക്ക് കുതിച്ചുയര്‍ന്ന ഷെല്‍ഡെറൂപ് തൊടുത്ത മനോഹരമായ ഷോട്ട് ഇംഗ്ലണ്ട് ഗോളി ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡിനെ മറികടന്ന് വലയിലെത്തി.
ആദ്യ പകുതിയുടെ അധിക സമയത്ത് അന്തോണി ഗോര്‍ഡന്റെ അസിസ്റ്റില്‍ നിന്നും നാല് നോര്‍വീജിയന്‍ ഡിഫെന്‍ഡര്‍മാര്‍ക്ക് നടുവില്‍ നിന്ന് ഒരു ലോ ഷോട്ടിലൂടെ ജൂഡ് ബെല്ലിംഗ്ഹാം ഇംഗ്ലണ്ടിന് സമനില നേടിക്കൊടുത്തു. തൊട്ടുപിന്നാലെ ഹാരി കെയ്ന്‍ നേടിയ
ഒരു ഗോള്‍ ഓഫ്സൈഡ് ആണെന്ന് വിധിച്ച് റഫറി റദ്ദാക്കി.
രണ്ടാം പകുതിയില്‍ നോര്‍വേയുടെ ടോര്‍ബിയോണ്‍ ഹെഗ്ഗെം ഒരു ഗോള്‍ നേടിയെങ്കിലും ഗോളിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് താരം എലിയറ്റ് ആന്‍ഡേഴ്‌സനെ ബോക്‌സിനുള്ളില്‍ എര്‍ലിങ് ഹാലന്‍ഡ് ഫൗള്‍ ചെയ്തതായി വാര്‍ പരിശോധനയില്‍ കണ്ടെത്തുകയും ഗോള്‍ റദ്ദാക്കുകയും ചെയ്തു. നിശ്ചിത 90 മിനിറ്റില്‍ ഇരുടീമുകളും 1-1 ന് സമനില പാലിച്ചതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.
എക്‌സ്ട്രാ ടൈമിന്റെ തുടക്കത്തില്‍ തന്നെ (93ാം മിനിറ്റ്) ജൂഡ് ബെല്ലിംഗ്ഹാം വീണ്ടും ഇംഗ്ലണ്ടിന്റെ രക്ഷകനായി അവതരിച്ചു. മോര്‍ഗന്‍ റോജേഴ്‌സിന്റെ തകര്‍പ്പന്‍ ഷോട്ട് നോര്‍വേ ഗോള്‍കീപ്പര്‍ നൈലാന്‍ഡിന് കൃത്യമായി തടയാനാകാതെ പോയ അവസരം
മുതലെടുത്ത് ബെല്ലിംഗ്ഹാം തന്റെ രണ്ടാമത്തെ ഗോളും ഇംഗ്ലണ്ടിന്റെ വിജയഗോളും നേടി.
ടൂര്‍ണമെന്റില്‍ അതുവരെ 7 ഗോളുകളുമായി തിളങ്ങിനിന്ന നോര്‍വേയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലന്‍ഡിനെ ഗോള്‍ നേടാന്‍ അനുവദിക്കാതെ ഇംഗ്ലീഷ് പ്രതിരോധം കാത്തുസൂക്ഷിച്ചു. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ഹാലന്‍ഡിനെ നോര്‍വേ പിന്‍വലിക്കുകയും ചെയ്തിരുന്നു. അവസാന മിനിറ്റുകളില്‍ ലഭിച്ച പെനാല്‍റ്റിയും പരിശോധനയിലൂടെ ഒഴിവാക്കപ്പെട്ടതോടെ ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ 2018-ന് ശേഷം ആദ്യമായി ഇംഗ്ലണ്ട് ലോകകപ്പ് സെമിഫൈനലില്‍ ഇടം നേടി. സെമിഫൈനലില്‍ അര്‍ജന്റീന അല്ലെങ്കില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ടീമുകളില്‍ ഒന്നായിരിക്കും ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ആദ്യമായി ക്വാര്‍ട്ടറിലെത്തിയ നോര്‍വേയുടെ പോരാട്ടം ഇതോടെ അവസാനിച്ചു.
















