
വടകര: കടത്തനാട് ലേബര്‍ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍. കേസിലെ ഒന്നാം പ്രതിയും സൊസൈറ്റിയുടെ മുന്‍ ഡയരക്ടറുമായ പേരാമ്പ്ര
ചേന്നോളി എട്ടുതെങ്ങുള്ളതില്‍ റിനീഷാണ് (41) കോട്ടയത്ത് പിടിയിലായത്. പാലായില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് സംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇയാള്‍ സംസ്ഥാനം വിട്ടിരിക്കാമെന്ന സംശയത്തിലിരിക്കെയാണ് കോട്ടയത്തുണ്ടെന്ന സൂചന കിട്ടിയതും പിടിയിലാകുന്നതും.
നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതില്‍ തിരുവളളൂര്‍ സ്വദേശി ഇബ്രാഹിം ഹാജി തീ കൊളുത്തി ആത്മഹത്യ ചെയ്തതോടെയാണ് കടത്തനാട് ലേബര്‍ സൊസൈറ്റിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. സഹകരണ സംഘം ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ നടത്തിയ വിശദമായ അന്വേഷണത്തില്‍ സൊസൈറ്റിയില്‍ 2.16 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് സഹകരണ വകുപ്പ് 2025 ഡിസംബര്‍ എട്ടിന് വടകര പോലീസില്‍
പരാതിയെങ്കിലും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. ഇതിനിടയിലാണ് ഇബ്രാഹിംഹാജിയുടെ മരണവും സൊസൈറ്റിയിലെ തട്ടിപ്പും വലിയ കോളിളക്കം സൃഷ്ടിച്ചു. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കേസില്‍ സൊസൈറ്റി മുന്‍ പ്രസിഡന്റും മുന്‍ ഡിസിസി സെക്രട്ടറിയുമായ ടി.വി.സുധീര്‍കുമാറിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വടകര മജിസ്‌ട്രേറ്റ് കോടതി മൂന്നു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍വിട്ടിരിക്കുകയാണ്.
















