
മയാമി: അട്ടിമറി മോഹവുമായെത്തിയ കുഞ്ഞന്‍ രാജ്യമായ കേപ് വെര്‍ദെ ഫുട്‌ബോള്‍ പ്രേമികളില്‍ ആവേശം പടര്‍ത്തി വിടവാങ്ങി. ലോകചാമ്പ്യന്മാരെ വിറപ്പിച്ചാണ് അവരുടെ
മടക്കം. എക്‌സ്ട്രാ ടൈം വരെ നീണ്ട ആവേശപ്പോരില്‍ എല്ലാ ശ്രമവും പുറത്തെടുത്ത്
മെസിപ്പട വിജയം സ്വന്തമാക്കി. തോൽക്കാൻ മനസ്സില്ലാതെ ഇരുടീമുകളും അവസാന നിമിഷം വരെ പോരാടിയ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരെ അടിമുടി വിറപ്പിച്ചാണ് കേപ് വെര്‍ദെ കീഴടങ്ങിയത്.
ഗ്രൂപ്പ് ഘട്ടത്തിൽ മുൻ ചാമ്പ്യന്മാരായ സ്പെയിനിനെയും ഉറുഗ്വായെയും സമനിലയിൽ തളച്ച ആത്മവിശ്വാസത്തിലിറങ്ങിയ കേപ് വെര്‍ദെ തുടക്കം മുതൽ പ്രതിരോധക്കോട്ട കെട്ടിയാണ് കളിച്ചത്. എന്നാൽ 29-ാം മിനിറ്റിൽ മധ്യനിരയിൽ നിന്ന് ലിസാൻഡ്രോ മാർട്ടിനെസ് നീട്ടിനൽകിയ പാസ് സ്വീകരിച്ച് നായകൻ ലയണൽ മെസ്സി അർജന്റീനയെ മുന്നിലെത്തിച്ചു. ഇടുങ്ങിയ കോണിൽ നിന്ന് തന്റെ വിഖ്യാതമായ ഇടങ്കാലുകൊണ്ട് മെസ്സി തൊടുത്ത ക്ലോസ് റേഞ്ച് ഷോട്ട് ഗോൾകീപ്പർ വോസിഞ്ഞയെ മറികടന്ന് വലയിൽ പതിക്കുകയായിരുന്നു (1-0). ഈ ഗോളോടെ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ ഗോൾ
നേടുന്ന ചരിത്രത്തിലെ നാലാമത്തെ താരമെന്ന റെക്കോർഡ് ബ്രസീലിയൻ ഇതിഹാസം വാവയ്ക്കൊപ്പം മെസ്സി പങ്കിട്ടു.
എന്നാൽ 59-ാം മിനിറ്റിൽ ഡിറോയ് ഡുവാർട്ടെ കേപ് വെർദെയെ ഒപ്പമെത്തിച്ചു. പിന്നീട് ഗോൾ നേടാൻ അർജന്റീന കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേയ്ക്ക് നീണ്ടത്.
എക്‌സ്ട്രാ ടൈമിലെ രണ്ടാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസ് അർജന്റീനയെ മുന്നിലെത്തിച്ചെങ്കിലും 103-ാം മിനിറ്റിൽ സിഡ്നി ലോപസ് കബ്രാൽ കേപ് വെർദെയെ സുന്ദരമായ ഗോളിലൂടെ ഒപ്പമെത്തിച്ചു. എന്നാൽ 111-ാം മിനിറ്റിൽ മെസ്സിയുടെ കോർണർ കിക്ക് കേപ് വെർദെ താരം ഡൈനിയുടെ ഓൺ ഗോളിലൂടെ വലയിലെത്തി. അവസാന മിനിറ്റുകളിൽ സമനിലയ്ക്കായി കേപ് വെർദെ കടുത്ത ശ്രമം നടത്തിയെങ്കിലും എമി മാർട്ടിനസിന്റെ ഡൈവിങ് സേവിലൂടെ വിജയവും പ്രീക്വാർട്ടർ ടിക്കറ്റും അർജന്റീന സ്വന്തമാക്കി. പ്രീക്വാർട്ടറിൽ ഈജിപ്ത് ആണ് അർജന്റീനയുടെ എതിരാളികൾ.
















