
ഡാലസ്: ആഫ്രിക്കന്‍ കരുത്തരായ ഐവറി കോസ്റ്റിനെ വീഴ്ത്തി നോര്‍വേ പ്രീ-ക്വാര്‍ട്ടറില്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് നോര്‍വേയുടെ ജയം. അന്റോണിയോ നുസ (39ാം
മിനിറ്റ്), സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ട് (86) എന്നിവരാണ് നോര്‍വേക്കുവേണ്ടി വലകുലുക്കിയത്. പകരക്കാരന്‍ അമദ് ദിയാലോ (74) ഐവറി കോസ്റ്റിനായി ഒരു ഗോള്‍ മടക്കി. ജൂലൈ അഞ്ചിന് നടക്കുന്ന പ്രീ-ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്മാരായ ബ്രസീലാണ് നോര്‍വേയുടെ എതിരാളികള്‍. മത്സരത്തിന്റെ 39ാം മിനിറ്റില്‍ അന്റോണിയോ നുസ ഒരു ലോങ് റേഞ്ചര്‍ ഗോളിലൂടെയാണ് നോര്‍വയെ മുന്നിലെത്തിച്ചത്. ബോക്‌സിനു മുന്നില്‍നിന്ന്
നായകന്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് ഇടതു മൂലയിലേക്ക് നല്‍കിയ പാസ് പിടിച്ചെടുത്ത നുസ, ബോക്‌സിനുള്ളിലേക്ക് കയറി തൊടുത്ത ഒരു കര്‍വിങ് ഷോട്ട് പോസ്റ്റിന്റെ മുകളിലെ വലത്തെ മൂലയിലേക്ക് പറന്നിറങ്ങി. പന്ത് ഡൈവ് ചെയ്ത് തടുക്കാനുള്ള ഐവറി കോസ്റ്റ് ഗോള്‍ കീപ്പര്‍ യാഹിയ ഫൊഫാനയുടെ ശ്രമം വിഫലമായി.
ലീഡ് നേടിയതിനു തൊട്ടു പിന്നാലെ നോര്‍വെ ആക്രമണം കടുപ്പിച്ചു. തുടരെ തുടരെ രണ്ടു ഗോള്‍ ശ്രമങ്ങളാണ് ഐവറി കോസ്റ്റ് പ്രതിരോധിച്ചത്. മൂന്നാം മിനിറ്റില്‍ നോര്‍വെയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ടിന്റെ പെനാല്‍റ്റി സ്‌പോട്ടിന് തൊട്ടരികില്‍ നിന്നുള്ള ഹെഡര്‍ ഗോള്‍ കീപ്പര്‍ തടഞ്ഞു. പിന്നാലെ എട്ടാം മിനിറ്റില്‍ ഐവറി കോസ്റ്റ് താരം യാന്‍
ഡിയൊമാന്‍ഡെയുടെ ഗോള്‍ശ്രമം വിഫലമായി. ഐവറി കോസ്റ്റ് മികച്ച ആക്രമണങ്ങളുമായി കളം നിറഞ്ഞെങ്കിലും നോര്‍വെയുടെ പ്രതിരോധം ഭേദിക്കാനായില്ല. എര്‍ലിങ് ഹാലണ്ട് ഉള്‍പ്പെടെയുള്ള നോര്‍വീജിയന്‍ താരങ്ങള്‍ ഐവറി കോസ്റ്റ് പ്രതിരോധത്തിന് കനത്ത വെല്ലുവളി ഉയര്‍ത്തി.
എന്നാല്‍, നിശ്ചിത സമയം അവസാനിക്കാന്‍ നാലു മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ ഹാലണ്ടിലൂടെ നോര്‍വെ വീണ്ടും ലീഡെടുത്തു. പാട്രിക് ബെര്‍ഗാണ് ഗോളിന് വഴിയൊരുക്കിയത്. അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി ഐവറി കോസ്റ്റ് നടത്തിയ ശ്രമങ്ങളൊന്നും ഫലംകണ്ടില്ല.
















