
ഹൂസ്റ്റണ്‍: കുഞ്ഞന്‍ രാജ്യമായ കേപ് വെര്‍ദെ ലോകകപ്പില്‍ ചരിത്രം കുറിച്ചു. അരങ്ങേറ്റത്തില്‍ തന്നെ ഗ്രൂപ്പ് ഘട്ടം പിന്നിട്ട് നോക്കൗട്ടിലേക്ക് എത്തിയാണ് ആഫ്രിക്കന്‍
രാജ്യം അത്ഭുതപ്പെടുത്തിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഏഷ്യന്‍ കരുത്തരായ സൌദി അറേബ്യയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് കേപ് വെര്‍ദെയുടെ മുന്നേറ്റം. മൂന്ന് മത്സരങ്ങളില്‍ മൂന്ന് സമനിലയുമായി മൂന്ന് പോയന്റുള്ള കേപ് വെര്‍ദെ ഗ്രൂപ്പ് എച്ചില്‍ സ്‌പെയിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി.
അതേസമയം മുന്‍ ചാമ്പ്യന്‍മാരായ യുറുഗ്വായ് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഗ്രൂപ്പ് എച്ചിലെ നിര്‍ണായക മത്സരത്തില്‍ സ്‌പെയിനോട് ഒരു ഗോളിന് തോറ്റ ഉറുഗ്വേ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്‌പെയിനോട് തോല്‍ക്കുകയും കേപ് വെര്‍ദെ, സൗദി അറേബ്യ എന്നിവരോട് സമനില വഴങ്ങുകയും ചെയ്ത യുറുഗ്വായ്ക്ക് രണ്ട് പോയന്റ് മാത്രമാണ് ഉള്ളത്.
എട്ട് മികച്ച മൂന്നാം സ്ഥാനക്കാരാണ് ഗ്രൂപ്പ് ജേതാക്കള്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും പിന്നില്‍
നോക്കൗട്ടിലേക്ക് മുന്നേറുന്നത്. 2 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകള്‍ക്ക് പ്രീ-ക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ സാധിക്കില്ല. നിലവിലെ കണക്കുകള്‍ പ്രകാരം മറ്റ് ഗ്രൂപ്പുകളിലെ മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയില്‍ യുറുഗ്വായ് പതിനൊന്നാം സ്ഥാനത്താണ്. ഇതാണ് ലാറ്റിനമേരിക്കന്‍ ടീമിന് തിരിച്ചടിയായത്.
മൂന്ന് കളിയില്‍ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയന്റുള്ള സ്‌പെയിന്‍ ഗ്രൂപ്പ് ജേതാക്കളായി റൌണ്ട് ഓഫ് 32ലേക്ക് മുന്നേറി. കേപ് വെര്‍ദെയോട് സമനിലയില്‍ കുരുങ്ങിയ സ്‌പെയിന്‍ പിന്നീട് സൗദിയെ തോല്‍പിച്ചിരുന്നു.
കളിച്ച മൂന്ന് മത്സരങ്ങളും സമനിലയില്‍ കലാശിച്ചതിനാല്‍ കേപ് വെര്‍ദെക്ക് മൂന്ന് പോയന്റ് ലഭിക്കുകയും ഗ്രൂപ്പില്‍ രണ്ടാമതെത്തുകയും ചെയ്തത് തുണയായി. നോക്കൗട്ടില്‍ അര്‍ജന്റീനയാണ് കേപ് വെര്‍ദെയുടെ എതിരാളികള്‍.
















