
വടകര: ശ്രീനാരായണീയ പ്രസ്ഥാനത്തെ നയിക്കാന്‍ ചുമതലയേല്‍ക്കും മുമ്പ് പൂക്കണ്ടി മലയില്‍ രവീന്ദ്രന്‍ എന്ന പി.എം.രവീന്ദ്രന്‍ ഒരു സാധാരണക്കാരന്‍ യുവാവ് മാത്രമായിരുന്നു.
ഏട്ടന്‍ പി.എം.നാണുവിന്റെ സന്തത സഹചാരിയെ പോലെയായിരുന്നു രവിയുടെ ഇടപെടല്‍.
വടകര കോട്ടപ്പറമ്പിലെ പഴയ സ്റ്റാന്റിനു സമീപം പിഡബ്ല്യുഡി റസ്റ്റ്ഹൗസിനു മുന്നിലെ സ്റ്റേഷനറിക്കടയില്‍ രവിയും ഉണ്ടായിരുന്നു. അവിടെ എത്തിപ്പെടാത്ത രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക നായകരും എഴുത്തുകാരും കുറവായിരുന്നു. എല്ലാ തരക്കാരുടേയും സംഗമ കേന്ദ്രമായി പി.എം.നാണ്വേട്ടന്റെ സ്റ്റേഷനറിക്കട അറിയപ്പെട്ടു. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്ഥിരം ഇരിപ്പു കേന്ദ്രമായിരുന്നു അവിടം. സന്ധ്യയോടെ
ടോര്‍ച്ചുമെടുത്ത് അദ്ദേഹം നാണ്വേട്ടന്റെ സ്റ്റേഷനറിക്കടയിലെത്തി സൊറ പറഞ്ഞിരിക്കും. പലപ്പോഴും രവിയായിരിക്കും ശ്രോതാവ്. എഴുത്തുകാരായ അക്ബര്‍ കക്കട്ടിലും എം.സുധാകരനും പി.എം.രവീന്ദ്രന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു.
വടകരയിലെ പത്രലേഖകരുടെ കേന്ദ്രവും ഈ കട തന്നെ. സ്വന്തമായി ഓഫീസുകള്‍ ഇല്ലാതിരുന്ന എണ്‍പതുകളില്‍ നാണ്വേട്ടന്റെ കടയായിരുന്നു ആശ്രയം. പത്രങ്ങളിലേക്കുള്ള വാര്‍ത്തയുമായി വരുന്നവര്‍ക്ക് വേണ്ടി ഈ കടയില്‍ ഒരു പെട്ടിയുണ്ടായിരുന്നു. പത്രത്തിന്റെ പേരെഴുതിയ കവറുകള്‍ അതിലിട്ടുവെക്കും. വൈകുന്നേരമാവുമ്പോള്‍ ഓരോ
പത്രത്തിന്റെയും ലേഖകര്‍ ഇവിടെ നിന്ന് അവരവരുടെ കവറുകളെടുത്തുപോവും. ഇതിലൂടെ പത്രലേഖകരുമായും പി.എം.കുടുംബത്തിന് നല്ല സൗഹൃദമായിരുന്നു.
ഇതിനിടയില്‍ തന്നെയാണ് പി.എം.രവി ലൈറ്റ് ആന്റ് സൗണ്ട് രംഗത്തേക്ക് കടക്കുന്നത്. വടകരയിലെയും സമീപത്തെയും അറിയപ്പെടുന്ന സൗണ്ട് സര്‍വീസായി കെഎസ്എസ് മാറി. ഏത് പരിപാടിയും അതിമനോഹരമായി ചെയ്യാന്‍ രവി പ്രത്യേകം ശ്രദ്ധിച്ചു. ഇതിനായി മിടുക്കരായ തൊഴിലാളികള്‍ തന്നെയുണ്ടായി. അടക്കാത്തെരുവ് കേന്ദ്രമായി കെഎസ്എസ് വിപുലമായതോടെ വലിയ സെറ്റപ്പിലായി. രാഷ്ട്രീയപാര്‍ട്ടികളുടെ
പൊതുയോഗമായാലും സ്‌കൂള്‍ കലോത്സവങ്ങളായാലും ക്ഷേത്രങ്ങളിലെ ഉത്സവങ്ങളായാലും മറ്റെന്തു ചടങ്ങായാലും വടകര മേഖലയില്‍ കെഎസ്എസ് തന്നെയായിരുന്നു മുന്നില്‍. പി.എം.രവിയുമായുള്ള ആത്മബന്ധം കാരണം എല്ലാവരും കെഎസ്എസിനെ തന്നെ ആശ്രയിച്ചു. ഏത് പരിപാടിയിലും മുന്നണിയിലെന്ന പോലെ രവിയെയും കാണാമായിരുന്നു. സൗഹൃദമായിരുന്നു രവിയുടെ കൈമുതല്‍. അതിന്റെ ബലത്തില്‍ എല്ലാവരുടെയും ആളായി രവി മാറി. അതുതന്നെയായിരുന്നു തന്റെയും സ്ഥാപനത്തിന്റെയും വളര്‍ച്ചയുടെയും വിജയത്തിന്റെയും രഹസ്യം.
ഇതിനിടയിലാണ് വടകരയില്‍ ശ്രീനാരായണീയ പ്രസ്ഥാനം സജീവമാകുന്നത്. ജ്യേഷ്ഠന്‍
പി.എം.നാണുവിനു പിന്നാലെ രവിയും എസ്എന്‍ഡിപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അത് വടകരക്കും നേട്ടമായി. എസ്എന്‍ഡിപിയുടെ ബാനറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചു. രവി എസ്എന്‍ഡിപി യോഗം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വരെയായി. വടകര യൂണിയന്‍ സെക്രട്ടറി, ശ്രീനാരായണ കോളജ് മാനേജര്‍, എസ്എന്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ആത്മബന്ധം പുലര്‍ത്തി. രവിയുടെ നേതൃത്വത്തിലുള്ള ചിട്ടയായ പ്രവര്‍ത്തനഫലമായി വടകര മേഖലയില്‍
എസ്എന്‍ഡിപിക്ക് കാര്യമായ വേരോട്ടമുണ്ടായി.
ഇതിനിടയിലാണ് രോഗം അദ്ദേഹത്തെ വേട്ടയാടിയത്. എന്നിട്ടും സ്ഥിരോത്സാഹിയായ രവി സംഘനയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഒടുവില്‍ ശനിയാഴ്ച അദ്ദേഹത്തെ മരണം കീഴ്‌പെടുത്തി. പൂതുപ്പണത്തുകാരനായ രവി വര്‍ഷങ്ങളായി മേപ്പയിലാണ് താമസം. ഞായറാഴ്ച ഉച്ചക്ക് 12ന് മേപ്പയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.
വടകരയുടെ സര്‍വ രംഗത്തുള്ളവരുമായി ബന്ധം സ്ഥാപിച്ച് ഇന്നാടിനൊപ്പം വളര്‍ന്ന പി.എം.രവീന്ദ്രന്‍ ഇനി സ്പന്ദിക്കുന്ന ഓര്‍മ മാത്രം.
















