
ചോമ്പാല: ദേശീയപാതയില്‍ കുടിയൊഴിപ്പിക്കലിന് ഇരയായവരുമായി കര്‍മ സമിതി സംസ്ഥാന നേതൃത്വം കുടിക്കാഴ്ച നടത്തി. പുക്കാട്, തിക്കോടി, പയ്യോളി, വടകര, മടപ്പള്ളി,
കൈനാട്ടി, ചോമ്പാല, അഴിയൂര്‍ എന്നിവിടങ്ങളിലെ യുണിറ്റ് ഭാരിവാഹികളുമായാണ് കുടിക്കാഴ്ച നടന്നത്.
ദേശീയ പാതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച ചെയ്‌തെന്നും ആവശ്യമായ ഇടപെടലുകള്‍ നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും കര്‍മസമിതി സംസ്ഥാന കണ്‍വീനര്‍ ഹാഷിം ചേന്ദമ്പിള്ളി പറഞ്ഞു. ദേശീയ പാത
സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം സംബന്ധിച്ച് ജില്ല കലക്ടര്‍മാര്‍ ആര്‍ബിറ്റര്‍ ആയി തുടരുന്നത് കോടതി വിധി ധിക്കരിക്കലാണെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ പാതയ്ക്കായി വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചില്ല. കെട്ടിടം നഷ്ടപ്പെട്ടവരുടെ വാല്വേഷനില്‍ നിരവധി അപാതകളുണ്ട്. വഴി മുടങ്ങിയ വിഷയം, വീട്ടിലേക്ക് വെള്ളം കയറുന്ന പ്രശ്‌നങ്ങള്‍, നിര്‍ദിഷ്ട ചോമ്പാല്‍ ടോള്‍ പ്ലാസയ്ക്ക്
ഇരുവശത്തും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കല്‍ അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി.
കര്‍മ സമിതി നേതാക്കളായ സി.കെ. ശിവദാസന്‍, എ.ടി. മഹേഷ്, പ്രദീപ് ചോമ്പാല, പി. ബാബുരാജ്, അബു തിക്കോടി, ശ്രീധരന്‍ പുക്കാട്, കെ.പി.എ. വഹാബ്, സലാം ഫര്‍ഹത്ത്, അബ്ദുള്ള തിക്കോടി, പി. സുരേഷ്, ഷുഹൈല്‍ കൈനാട്ടി, റഫീഖ് വടകര എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
















