
നാദാപുരം: വിലങ്ങാട് വാളൂക്ക് വനമേഖലയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ യുവാക്കള്‍ക്കെതിരെ വനംവകുപ്പ് കേസെടുക്കും. അനധികൃതമായി വനമേഖലയില്‍
കയറിയതിനാണ് കേസ്. നിലവില്‍ യുവാക്കള്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്.
ഇന്നലെ വൈകീട്ട് നാലരയോടെ വനത്തിനുള്ളില്‍ പ്രവേശിച്ച വടകര ചോറോട് സ്വദേശികളായ യുവാക്കള്‍ ഇരുട്ടിയതോടെ കാട്ടില്‍ കുടുങ്ങുകയായിരുന്നു. വനത്തില്‍ നിന്ന് ശബ്ദം കേട്ടതായും ടോര്‍ച്ചിന്റെ വെളിച്ചം കണ്ടതായും നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിച്ചതോടെ തെരച്ചില്‍ നടത്തുകയായിരുന്നു. വനാതിര്‍ത്തിയില്‍ രണ്ട് ബൈക്കുകളും കണ്ടെത്തിയിരുന്നു.
വൈകീട്ട് നാലരയോടെ കാടിനകത്തേക്ക് പോയതാണെന്നും ഇരുട്ടിയതോടെ വഴിയറിയാതെ കുടുങ്ങിയതാണ് എന്നുമാണ് യുവാക്കള്‍ പുറത്തെത്തിയ ശേഷം പറഞ്ഞത്. രക്ഷപ്പെടാന്‍
വേണ്ടി ഉച്ചത്തില്‍ നിലവിളിക്കുകയും മൊബൈല്‍ ഫ്‌ളാഷ് അടിക്കുകയുമായിരുന്നു. വിനോദസഞ്ചാര കേന്ദ്രമായ മുടിയിലേക്ക് വിലങ്ങാട് വഴിയാണ് സഞ്ചാരികള്‍ ട്രക്കിംഗിനായി പോകാറുളളത്. വ്യൂ പോയിന്റാണ് മുടി. മൊബൈല്‍ റെയ്ഞ്ച് കട്ടാവുകയും വഴി തെറ്റുകയും ചെയ്തതോടെയാണ് യുവാക്കള്‍ നിലവിളിച്ചും മൊബൈല്‍ ഫ്‌ളാഷ് അടിച്ചും നാട്ടുകാരുടെ സഹായം തേടിയത്. വിവരം കിട്ടിയതിനു പിന്നാലെ വനംവകുപ്പ് അധികൃതര്‍ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചലിലാണ് യുവാക്കളെ കണ്ടെത്തിയത്.
















