തിരുവനന്തപുരം: നാട്ടുകാരുടെ ദീര്‍ഘകാല ആവശ്യമായ കോഴിക്കോട്-വയനാട് ബദല്‍ പാത പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനായി
തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു. പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീര്‍, കൃഷി മന്ത്രി ടി.സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വടകര എംപി ഷാഫി പറമ്പില്‍, പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹ്ലിയ എന്നിവരും പങ്കെടുത്തു. പൊതുമരാമത്ത് സെക്രട്ടറി അദീല അബ്ദുള്ള, ചീഫ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ച യോഗത്തില്‍, നിര്‍ദിഷ്ട പദ്ധതിയുടെ നിലവിലെ സ്ഥിതിയും ഭാവിനടപടികളും വിശദമായി വിലയിരുത്തി. നിലവില്‍ പൂഴിത്തോട്-പടിഞ്ഞാറെത്തറ പാതയുടെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പൂര്‍ണമായി നടന്നിട്ടില്ലാത്ത സാഹചര്യത്തില്‍, അത് അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയിട്ടുള്ള പഠനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അടിയന്തരമായി സമര്‍പ്പിക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയോട് നിര്‍ദേശിച്ചു. കൂടുതല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആവശ്യമായി വരുന്ന പക്ഷം
അതിനുള്ള തുക അനുവദിക്കാനും തുടര്‍പഠനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വനംവകുപ്പിന്റെ അനുമതി വേഗത്തില്‍ നേടിയെടുക്കാനും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ തീരുമാനമായിട്ടുണ്ട്. മറ്റ് ബദല്‍ പാതകളെ അപേക്ഷിച്ച് ദൂരവും വനമേഖലയും കുറഞ്ഞതും ടണല്‍ ഉള്‍പ്പെടെയുള്ള ആധുനിക നിര്‍മിതികള്‍ അടങ്ങുന്നതുമായ ഈ നിര്‍ദിഷ്ട പാതയ്ക്ക് പ്രാഥമിക പരിശോധനയില്‍ 1800 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. നിര്‍ണായകമായ ഈ പദ്ധതിയുടെ ഇന്‍വെസ്റ്റിഗേഷന്‍ പുരോഗതി കൃത്യമായി വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ വേഗത്തിലാക്കുന്നതിനുമായി ജൂലൈ 15ന് പൊതുമരാമത്ത്, വനം, കൃഷി, വൈദ്യുതി വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ വിപുലമായ യോഗം വീണ്ടും ചേരാനും തീരുമാനിച്ചു. പാത യാഥാര്‍ഥ്യമാകുന്നതോടെ വയനാട് ചുരത്തിലെ കടുത്ത യാത്രാക്ലേശത്തിന് വലിയൊരു പരിഹാരമാകും.















