വടകര: ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തിലുണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തി തൊഴിലാളികളുടെ കൂലി വെട്ടിക്കുറച്ച മുതലാളിമാരുടെ നടപടിക്കെതിരെ
ജില്ലാ ലൈറ്റ് സൗണ്ട് & പന്തല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) വടകര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധര്‍ണയും സംഘടിപ്പിച്ചു. വടകര ജില്ലാ ആശുപത്രിക്ക് സമീപത്തു നിന്ന് ആരംഭിച്ച പ്രകടനം ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ഓഫീസിന് മുന്നില്‍ സമാപിച്ചു. ലേബര്‍ ഓഫീസറുടെ എഗ്രിമെന്റിന് വിരുദ്ധമായി തൊഴിലാളികളുടെ കൂലി ദയനീയമായി വെട്ടിക്കുറച്ചുകൊണ്ട് മുതലാളിമാര്‍ ഏകപക്ഷീയമായി അടിച്ചിറക്കിയ പുതിയ കൂലി ചാര്‍ട്ട് സമരക്കാര്‍ കത്തിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി മനോജ് സമരം ഉദ്ഘാടനം ചെയ്തു. കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളുടെ അവകാശങ്ങളെ ചവിട്ടിമെതിച്ച് കൊള്ളലാഭം കൊയ്യാന്‍ നോക്കുന്ന ഉടമകളുടെ നിലപാടുകള്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായും സമരങ്ങളുമായും മുന്നോട്ട് പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എം.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജില്ലാ ട്രഷറര്‍ പി.രാജന്‍, സിഐടിയു വടകര ഏരിയ പ്രസിഡന്റ് വത്സകുമാര്‍, യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ആര്‍.എം.അനീഷ് എന്നിവര്‍ സംസാരിച്ചു. വടകര താലൂക്ക് സെക്രട്ടറി സി.എം.കരുണന്‍ സ്വാഗതം പറഞ്ഞു.















