
ന്യൂഡല്‍ഹി: മലയാളികളുടെ അഭിമാനമായ നടന്‍ മമ്മൂട്ടി പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി . ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നാണ്
മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പത്മഭൂഷണും പ്രമുഖ നിയമജ്ഞന്‍ ജസ്റ്റിസ് കെ ടി തോമസ്, ആര്‍എസ്എസ് സൈദ്ധാന്തികന്‍ പി നാരായണന്‍ എന്നിവര്‍ പത്മവിഭൂഷണും ഏറ്റുവാങ്ങി.
തമിഴ്നാട്ടില്‍ നിന്നുള്ള മുന്‍ ടെന്നീസ് കളിക്കാരനായ ഡോ. വിജയ് അമൃത്രാജ് പത്മഭൂഷണ്‍ ഏറ്റുവാങ്ങി. തമിഴ്നാട്ടില്‍ നിന്ന് തന്നെയുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. എസ് കെ എം മയിലാനന്ദന്‍, ഡോക്ടര്‍ ദത്രാത്തേയുദു നോരി എന്നിവരും പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാപകനും രാജ്യസഭാംഗവുമായ ഷിബു സോറന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഭാര്യ രൂപി കിസ്‌കു ആണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
















