
വടകര: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ്
കോടതിയുടേതാണ് നടപടി. ജാമ്യം നിഷേധിച്ചതിനൊപ്പം പ്രതിയെ രണ്ട് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടു. ശനിയാഴ്ച വൈകീട്ട് അഞ്ച് വരെയാണ് കസ്റ്റഡി കാലാവാധി. കേസിനാസ്പദമായ സ്‌ക്രീന്‍ഷോട്ടിന്റെ യഥാര്‍ഥ ഉറവിടം കണ്ടെത്താന്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍, ജിതിന്‍ ഭാസ്‌കര്‍
ആണ് സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്നതിന് കൃത്യമായ തെളിവുകളില്ലെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്.
അതേസമയം കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണ്‍ മെമ്മറി റീസെറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചതിനാല്‍ ജില്ലാ ഫോറന്‍സിക് വിഭാഗത്തിന് ഡാറ്റ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ഫോറന്‍സിക് വിഭാഗത്തിന് ഫോണ്‍
അയക്കണമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്.
ഈ ഫോണിലാണ് സ്‌ക്രീന്‍ഷോട്ട് തയ്യാറാക്കിയതെന്നാണ് പോലീസ് നിഗമനം. തെളിവ് നശിപ്പിക്കാനുള്ള നീക്കം അറസ്റ്റിലായ ജിതിന്‍ ഭാസ്‌കറിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും ജിതിന്‍ ഭാസ്‌കറോ ജിതിന്റെ സഹായിയോ ആകാം കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
















