
വാഷിങ്ടണ്‍: ആദ്യ മത്സരത്തിലെ സമനിലയിലെ നിരാശയില്‍ നിന്ന് രണ്ടാം മത്സരത്തില്‍ തകര്പന് വിജയം സ്വന്തമാക്കി കാനറിപ്പട. ഹെയ്തിയെ ഏകപക്ഷീയമായ മൂന്ന് ഗോളിന്
ബ്രസീല്‍ തകര്‍ത്തു.
ഈ ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമായി നാലു പോയിന്റോടെ ഗോള്‍ അടിസ്ഥാനത്തില്‍ ബ്രസീല്‍ ഗ്രൂപ്പ് സിയില്‍ ഒന്നാമതെത്തി. രണ്ടു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റോടെ മൊറോക്കോയാണ് രണ്ടാമത്. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ഹെയ്തി ലോകകപ്പില്‍ നിന്നു പുറത്തായി.
ബ്രസീലിന്റെ ഗോളുകള്‍ മൂന്നും ഒന്നാം പകുതിയിലാണ് പിറന്നത്. ഇരുപത്തിമൂന്നാം
മിനിറ്റില്‍ മാത്യൂസ് കുന്യയാണ് ഒരു റീബൗണ്ടില്‍ നിന്ന് ആദ്യ ഗോള്‍ നേടിയത്. നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയശേഷമായിരുന്നു ഭാഗ്യത്തിന്റെ അകമ്പടിയുള്ള ഈ ഗോള്‍. മുപ്പത്തിയാറാം മിനിറ്റില്‍ മധ്യഭാഗത്ത് നിന്നുള്ള ഒരു ഒന്നാന്തരം ത്രൂപാസ് സ്വീകരിച്ച് കുന്യ രണ്ടാം ഗോളും വലയിലാക്കി ലീഡുയര്‍ത്തി. ഹെയ്തി മധ്യനിരയെയും പ്രതിരോധത്തെയും പിളര്‍ത്തിയ പാസ് സ്വീകരിച്ച് വിനീഷ്യസ് ജൂനിയറാണ് മൂന്നാം ഗോള്‍ വലയിലാക്കിയത്.
രണ്ടാം പകുതിയിലും ബ്രസീല്‍ ആധിപത്യം തുടര്‍ന്നു. എന്നാല്‍ 63 ാം മിനിറ്റില്‍ ഹെയ്റ്റി
ഗോളിന് തൊട്ടരികെ എത്തി. ജീന്‍ രിക്നര് ബെല്ഗാര്ഡിന്റെ കോര്‍ണറില്‍ ഗോള്‍വരയ്ക്കു മുന്നില്‍ നിന്നുള്ള റിക്കാര്‍ഡോ ആഡെയുടെ ഹെഡര്‍ അലിസണ് രക്ഷപ്പെടുത്തി. 78 ാം മിനിറ്റില്‍ ഹെയ്റ്റി പോസ്റ്റിലേക്ക് ഇരച്ചുകയറി ബ്രസീല്‍ നടത്തിയ ആക്രമണത്തില്‍ എന്‍ഡ്രിക് പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
25 ന് സ്കോട്ലന്ഡിനെതിരെയാണ് ഗ്രൂപ്പില്‍ ബ്രസീലിന്റെ അവസാന മത്സരം. അതേ ദിവസം മൊറോക്കോ ഹെയ്തിയെ നേരിടും. അവസാന മത്സരത്തിലെ പ്രകടനമാകും ഗ്രൂപ്പ് ജേതാക്കളെ നിശ്ചയിക്കുക.
















