
കാൻസാസ് സിറ്റി: ഇതിഹാസതാരം ലയണൽ മെസിയുടെ മാന്ത്രിക ഹാട്രിക്കിന്റെ മികവിൽ 2026 ലോകകപ്പിലെ ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്കെതിരെ അർജന്റീനയ്ക്ക്
മിന്നും ജയം. കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് (3-0) നിലവിലെ ചാമ്പ്യന്മാരായ അർജന്റീന അൾജീരിയയെ തകർത്തത്. തന്റെ കരിയറിലെ മറ്റൊരു ചരിത്രപരമായ പ്രകടനത്തിലൂടെ മത്സരത്തിലുടനീളം ലയണൽ മെസി തന്നെയാണ് കളം നിറഞ്ഞാടിയത്. തന്റെ ആറാം ലോകകപ്പിൽ കളത്തിലിറങ്ങിയ മെസി, കരിയറിലെ 200-ാം അന്താരാഷ്ട്ര മത്സരത്തിനാണ് ഇന്ന് ബൂട്ട് കെട്ടിയത്. ആദ്യ പകുതിയിൽ അർജന്റീന ഒരു ഗോളിന് മുന്നിലായിരുന്നു. മത്സരത്തിന്റെ 17-ാം മിനിറ്റിൽ ബോക്സിന്
വെളിയിൽ നിന്ന് മെസി തൊടുത്ത മിന്നൽപ്പിണർ അൾജീരിയൻ ഗോൾകീപ്പർ ലൂക്ക സിദാന്റെ കൈകളിൽ തട്ടി വലയിലെത്തുകയായിരുന്നു. ഈ ഗോളോടെ കിലിയൻ എംബപ്പെയെയും ഗെർഡ് മുള്ളറെയും മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ മികച്ച ഗോൾവേട്ടക്കാരനായി മെസി മാറി. രണ്ടാം പകുതിയിലും അർജന്റീനയുടെ മാരകമായ ആക്രമണ ഫുട്ബാൾ ആണ് കാൻസാസ് സിറ്റിയിൽ കണ്ടത്. കളിയുടെ 60-ാം മിനിറ്റിൽ ബോക്സിന് തൊട്ടടുത്തുനിന്നുള്ള മനോഹരമായ നീക്കത്തിലൂടെ മെസി അർജന്റീനയുടെ ലീഡ് രണ്ടാക്കി ഉയർത്തി. എന്നാൽ അവിടംകൊണ്ടും മെസി മാജിക് അവസാനിച്ചില്ല; 76-ാം മിനിറ്റിൽ അൾജീരിയൻ പ്രതിരോധത്തെ പൂർണ്ണമായി കാഴ്ചക്കാരാക്കി
മെസി തന്റെ ഹാട്രിക് ഗോൾ പൂർത്തിയാക്കി. മെസിയുടെ ലോകകപ്പ് കരിയറിലെ ആദ്യ ഹാട്രിക് നേട്ടമാണിത്. ഈ ഗോളോടെ ലോകകപ്പിൽ ആകെ 16 ഗോളുകൾ തികച്ച മെസി ജർമ്മനിയുടെ ഇതിഹാസ താരം മിറോസ്ലാവ് ക്ലോസെയുടെ ‘എക്കാലത്തെയും ഉയർന്ന ലോകകപ്പ് ഗോൾ വേട്ടക്കാരൻ’ എന്ന റെക്കോർഡിനൊപ്പമെത്തി വീണ്ടും ചരിത്രം കുറിച്ചു. മത്സരത്തിന്റെ 79-ാം മിനിറ്റിൽ മെസ്സിയെ പിൻവലിച്ച് കോച്ച് സ്‌കലോനി യുവതാരം നിക്കോ പാസിനെ കളത്തിലിറക്കിയപ്പോൾ സ്റ്റേഡിയം മുഴുവൻ എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് ഫുട്ബോൾ രാജാവിനെ ആദരിച്ചത്.
















