കോഴിക്കോട്: മുന്‍മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തും ഐടി വ്യവസായിയുമായ
ഫെബീഷിന്റെ ബാങ്ക് ലോക്കറില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. കോഴിക്കോട്ടെ ബാങ്കിന്റെ ലോക്കറില്‍ ഇന്നലെ നടന്ന പരിശോധനയില്‍ 50 പവന്‍ സ്വര്‍ണം കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ മരവിപ്പിച്ച ലോക്കറിലാണ് പരിശോധന നടത്തിയത്. മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ കള്ളപ്പണം വെളുപ്പിച്ചതിന്റെ
തെളിവുണ്ടെന്ന് ഇഡി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് റിയാസിന്റെ സുഹൃത്തുക്കളുടെ ബാങ്ക് ലോക്കറിലും പരിശോധന നടത്തുന്നത്. ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണത്തിന്റെ ഉറവിടം ഇഡി ആരാഞ്ഞു. സഹോദരിയുടെ സ്വര്‍ണമാണെന്നാണ് ഫെബീഷ് മറുപടി നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ പേരെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
















