
പയ്യോളി: പയ്യോളി നഗരസഭയിലെ കീഴൂര്‍, നെല്ലേരി മാണിക്കോത്ത് പ്രദേശങ്ങളിലും തുറയൂര്‍ പഞ്ചായത്തിലെ അട്ടക്കുണ്ട് പാലം ജംഗ്ഷന്‍, പാലച്ചുവട് എന്നിവിടങ്ങളിലും
ആരോഗ്യവകുപ്പ് ശുചിത്വ പരിശോധന നടത്തി. കാലാവധി കഴിഞ്ഞ പാലുല്‍പന്നങ്ങള്‍ വില്‍പ്പനക്ക് വച്ചതും വൃത്തിഹീന സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്തതുമായ മൂന്നു സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. കുടിവെള്ള പരിശോധന നടത്താത്ത സ്ഥാപനങ്ങള്‍ക്കും കൃത്യമായി ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജോലിക്കാരെ വെച്ച് നടത്തുന്ന സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി. കേന്ദ്ര പുകയില നിയന്ത്രണ നിയമം പാലിക്കാത്ത രണ്ട് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, ചിക്കന്‍സ്റ്റാളുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
പരിശോധനയ്ക്ക് മേലടി സിഎച്ച്‌സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.കെ വിനോദന്‍
നേതൃത്വം നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ജയരാജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.കെ ദിനേശന്‍, കെ.ടി നസ്രിന്‍, ടി. കെ സുബീഷ് എന്നിവര്‍ പങ്കെടുത്തു.
വയറിളക്ക രോഗങ്ങളും മറ്റു പകര്‍ച്ചവ്യാധികളും തടയുന്നതിന് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും വ്യക്തി ശുചിത്വം പാലിക്കാന്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
















