
ടൊറന്റോ: ആഫ്രിക്കന്‍ കരുത്തരായ ഐവറി കോസ്റ്റിന്റെ പോരാട്ടവീര്യത്തിനു മുന്നില്‍ പതറിയെങ്കിലും അവസാന നിമിഷം നേടിയ ഗോളിന്റെ മികവില്‍ ജര്‍മനി വിജയം
സ്വന്തമാക്കി. കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍നിന്ന ശേഷമാണ് ജര്‍മനിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ് കണ്ടത്. ഈ വിജയത്തോടെ ജര്‍മനി നോക്കൗട്ട് യോഗ്യത ഉറപ്പാക്കി.
21-ാം മിനിറ്റില്‍ ജര്‍മനിയുടെ യുവതാരം അലക്‌സാണ്ടര്‍ പാവ്ലോവിച്ച് ഐവറി കോസ്റ്റിന്റെ വലകുലുക്കിയെങ്കിലും ഗോള്‍ നേടുന്നതിന് തൊട്ടുമുമ്പ് ഐവറി കോസ്റ്റ് ഗോള്‍കീപ്പര്‍ യഹിയ ഫൊഫാനയെ ജര്‍മന്‍ താരം ഫൗള്‍ ചെയ്തതായി വിഎആര്‍
പരിശോധനയില്‍ കണ്ടെത്തുകയും റഫറി ഗോള്‍ നിഷേധിക്കുകയും ചെയ്തു. 30-ാം മിനിറ്റില്‍ ഐവറി കോസ്റ്റ് പെട്ടെന്നുള്ള കൗണ്ടര്‍ അറ്റാക്കിലൂടെ ജര്‍മനിയുടെ വലകുലുക്കി. യാന്‍ ഡിയോമന്‍ഡെയുടെ പാസില്‍നിന്ന് അമദ് ഡിയാലോ എടുത്ത ഷോട്ട് ജര്‍മ്മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍ തട്ടിയകറ്റിയെങ്കിലും റീബൗണ്ടില്‍ ഓടിയെത്തിയ ക്യാപ്റ്റന്‍ ഫ്രാങ്ക് കെസ്സി പന്ത് വലയിലെത്തിച്ച് ഐവറി കോസ്റ്റിന് 1-0ന്റെ ലീഡ് സമ്മാനിച്ചു. പിന്നീട് ആക്രമണം ശക്തമാക്കിയ ജര്‍മനിക്ക് സമനില പിടിക്കാന്‍ 68-ാം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു.
ആദ്യ പകുതിയില്‍ 1-0 ന് പിന്നിലായിരുന്ന ജര്‍മനി രണ്ടാം പകുതിയില്‍ നടത്തിയ തകര്‍പ്പന്‍
പടയോട്ടത്തില്‍ കളി തങ്ങളുടേതാക്കി മാറ്റി. 68-ാം മിനിറ്റില്‍ ഡെനിസ് ഉന്ദാവിലൂടെ ജര്‍മനി സമനില പിടിച്ചു. എക്‌സ്ട്രാ ടൈമിന്റെ അവസാന നിമിഷത്തിലാണ് (90+4 മിനിറ്റ്) ജര്‍മ്മനി ഐവറി കോസ്റ്റിനെ ഞെട്ടിച്ച വിജയഗോള്‍ നേടിയത്. രണ്ടാം ഗോളും ഉന്ദാവ് തന്നെ നേടി.
ആദ്യ മത്സരത്തില്‍ കുറസോവയെ 7-1 ന് തകര്‍ത്ത ജര്‍മനിക്ക് ഈ വിജയത്തോടെ ഗ്രൂപ്പ് ഇ-യില്‍ 6 പോയിന്റായി. തുടര്‍ച്ചയായ രണ്ട് വിജയങ്ങളോടെ ജര്‍മനി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി. ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച ഐവറി കോസ്റ്റിന് മൂന്ന് പോയിന്റാണുള്ളത്. നോക്കൗട്ട് ഉറപ്പാക്കാന്‍ അവര്‍ക്ക് അവസാന മത്സരം നിര്‍ണായകമാകും.
















