
സാൻ ഫ്രാൻസിസ്കോ: ഗ്രൂപ്പ് ബി പോരാട്ടത്തില്‍ കരുത്തരായ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ഇഞ്ചുറി ടൈമില്‍ നേടിയ ഹെഡര്‍ ഗോളിലൂടെ ഖത്തര്‍ വിലപ്പെട്ട സമനിലയും ഒരു പോയിന്റും കരസ്ഥമാക്കി. മത്സരത്തിന്റെ തൊണ്ണൂറ്റിനാലാം മിനിറ്റില്‍ ഹോമം അഹമ്മദ്
നല്കിയ മനോഹരമായ ക്രോസ്സ് ഒരു തകര്‍പ്പന്‍ ഹെഡറിലൂടെ ബൗലെം ഖൗഖി വലയിലെത്തിക്കുകയായിരുന്നു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം അന്തിമ വിസില്‍ മുഴങ്ങാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ പൊരുതി നേടിയ ഈ സമനില ഖത്തറിന് വിജയത്തോളം പോന്നതാണ്.
ഖത്തര്‍ നിരയില്‍ നിരവധി മാറ്റങ്ങള്‍ രണ്ടാം പകുതിയില്‍ വന്നുവെങ്കിലും, പത്തൊന്പതുകാരന് മലയാളി താരം തഹ്സിന് മുഹമ്മദ് ഈ മത്സരത്തിലും പകരക്കാരുടെ ബെഞ്ചില്‍ തന്നെ തുടര്‍ന്നത് താരത്തെ കളത്തില്‍ കാണാന്‍ കാത്തിരുന്ന മലയാളി
ആരാധകര്‍ക്ക് നേരിയ നിരാശയായി.
രണ്ടാം പകുതിയില്‍ സ്കോര്‍ നില ഉയര്‍ത്താന്‍ സ്വിറ്റ്സര്‍ലന്‍ഡും സമനില ഗോളിനായി ഖത്തറും ഒപ്പത്തിനൊപ്പം പൊരുതുന്ന കാഴ്ചയാണ് സാന്‍ ഫ്രാന്‍സിസ്കോ ബേ ഏരിയ സ്റ്റേഡിയത്തില്‍ കണ്ടത്. ആദ്യ പകുതിയില്‍ ബ്രീല്‍ എംബോളോ നേടിയ പെനാല്‍റ്റി ഗോളിലൂടെ ലീഡ് നേടിയ സ്വിസ് പട, രണ്ടാം പകുതിയിലും തങ്ങളുടെ ആക്രമണ ശൈലി തുടര്‍ന്നു. ഗ്രാനിറ്റ് ഷാക്കയുടെയും റൂബന്‍ വര്‍ഗാസിന്റെയും നേതൃത്വത്തില്‍ നിരവധി തവണ അവര്‍ ഖത്തര്‍ ഗോള്‍മുഖത്ത് ഭീതി വിതച്ചു. എന്നാല്‍ ഖത്തര്‍ ഗോള്‍ കീപ്പര്‍ മഹ്മൂദ് അബുനാദയുടെയും പ്രതിരോധ നിരയുടെയും മികച്ച പ്രകടനം സ്വിസ് മുന്നേറ്റങ്ങളെ വീണ്ടും വീണ്ടും തടഞ്ഞുനിര്‍ത്തി. ഡാന്‍ എന്‍ഡോയെയുടെയും ബ്രീല്‍ എംബോളോയുടെയും മികച്ച ഷോട്ടുകള്‍ ലക്ഷ്യം കാണാതെ പോയത് സ്വിറ്റ്സര്‍ലന്‍ഡിന് വലിയ തിരിച്ചടിയായി
മാറി. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇരു ടീമുകളും തന്ത്രപരമായ മാറ്റങ്ങള്‍ വരുത്തി കളി കൂടുതല്‍ വേഗത്തിലാക്കിയിരുന്നു. അറുപതാം മിനിറ്റില്‍ അഹമ്മദ് അലായെയും എണ്‍പത്തിയെട്ടാം മിനിറ്റില്‍ വെറ്ററന്‍ താരം ഹസ്സന് അല്‍ ഹൈദോസിനെയും കളത്തിലിറക്കി ഖത്തര്‍ പരിശീലകന് തങ്ങളുടെ ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. റഫറി അനുവദിച്ച ആറ് മിനിറ്റ് ഇഞ്ചുറി ടൈമില്‍ സമനിലയ്ക്കായി ഖത്തര്‍ സര്‍വ്വ സന്നാഹങ്ങളുമായി സ്വിസ് ബോക്സിലേക്ക് ഇരച്ചുകയറുന്നതാണ് ഫുട്ബോള്‍ ലോകം പിന്നീട് കണ്ടത്. ഒടുവില്‍ പ്രതിരോധക്കോട്ട കാക്കുന്നതില്‍ സ്വിറ്റ്സര്‍ലന്‍ഡ് പരാജയപ്പെട്ടപ്പോള്‍, അതിമനോഹരമായൊരു ഹെഡറിലൂടെ ബൗലെം ഖൗഖി ഖത്തറിനെ ലോകകപ്പ് വേദിയില്‍ തലയുയര്‍ത്തി നിര്‍ത്തുകയും ചെയ്തു.
















