
മലപ്പുറം: മുട്ടിലിഴയുന്ന കുഞ്ഞ് നടുറോഡില്‍. അമ്പരന്ന ബസ് ഡ്രൈവര്‍ വണ്ടി നിര്‍ത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. വേറെ വാഹനങ്ങള്‍ വരുന്നതിന് മുമ്പ് കണ്ടക്ടര്‍ വേഗത്തില്‍
ഓടിയിറങ്ങി കുഞ്ഞിനെ റോഡില്‍ നിന്ന് വാരിയെടുക്കുകയായിരുന്നു. പുതിയേടത്തുപറമ്പ്- ഫറോക്ക് റൂട്ടില്‍ ഓടുന്ന സഫ മര്‍വ ബസിലെ ഡ്രൈവര്‍ രാമചന്ദ്രനും കണ്ടക്ടര്‍ നവാസുമാണ് കുഞ്ഞിന് രക്ഷകരായത്. ഇവരുടെ സമയോചിത ഇടപെടലില്‍ കുഞ്ഞിന് ജീവന്‍ തിരിച്ചുകിട്ടി.
വലിയപറമ്പ് ചെറുമുറ്റത്ത് സ്വകാര്യബസ് എത്തിയപ്പോഴാണ് കുഞ്ഞിനെ നടുറോഡില്‍ കണ്ടത്. സമീപത്തുള്ള വീട്ടില്‍ നിന്നാണ് കുട്ടി റോഡില്‍ എത്തിയത്. റോഡിനടുത്ത വീട്ടിലെ
റമീസിന്റെ മകനാണ് ഇഴഞ്ഞ് റോഡിലെത്തിയത്. കുഞ്ഞ് റോഡിലേക്ക് വന്നത് വീട്ടുകാര്‍ കണ്ടിരുന്നില്ല. ഡ്രൈവര്‍ രാമചന്ദ്രന്‍ ബസ് നിര്‍ത്തിയതിനു പിന്നാലെ കണ്ടക്ടര്‍ നവാസ് കുഞ്ഞിനെ വാരിയെടുക്കുകയായിരുന്നു. മറ്റ് വാഹനങ്ങള്‍ എത്തുമ്പോഴേക്കും കുഞ്ഞ് നവാസിന്റെ കൈയില്‍ ഭദ്രം. കുഞ്ഞിനെ ഏല്‍പിച്ചപ്പോള്‍ മാത്രമാണ് വീട്ടുകാര്‍ കാര്യം അറിഞ്ഞുള്ളൂ. ഡ്രൈവര്‍ രാമചന്ദ്രനും കണ്ടക്ടര്‍ നവാസിനും അഭിനന്ദന പ്രവാഹമാണ്.
















