
തൃശൂര്‍: ഇരുപത്തിയാറ് വര്‍ഷത്തെ വനസേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന തൃശ്ശൂര്‍ ഒളകരയിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മേപ്പയൂര്‍ കൂനംവള്ളി
കാവിലെ സി.കെ.രാജേന്ദ്രന് സഹപ്രവര്‍ത്തകര്‍ ഒരുക്കിയ യാത്രയയപ്പ് വേറിട്ട ചടങ്ങായി. വിത്തുണ്ടകള്‍ കാട്ടിലേക്ക് എറിഞ്ഞുള്ള ചടങ്ങ് പ്രകൃതിസൗഹൃദവും മാതൃകാപരവുമായി. കാടിനെ കൂടുതല്‍ ഹരിതാഭമാക്കാനുള്ള സന്ദേശം പകരുകയായിരുന്നു ഇതിലൂടെ.
ആഞ്ഞിലി, പ്ലാവ്, മാവ് തുടങ്ങിയ നാടന്‍ വൃക്ഷങ്ങളുടെ വിത്തുകള്‍ ജൈവവളക്കൂട്ടുകളും പ്രകൃതിദത്ത ഘടകങ്ങളും ചേര്‍ത്ത് പ്രത്യേക രീതിയില്‍ വിത്തുണ്ടകളാക്കിയെടുത്തു. ഈ
വിത്തുണ്ടകള്‍ സി.കെ.രാജേന്ദ്രനും കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഒളകരയിലെ വനപ്രദേശത്തേക്ക് വലിച്ചെറിയുകയായിരുന്നു. കാലക്രമേണ ഇവ മുളച്ച് പുതിയ വൃക്ഷങ്ങളായി വളരുമെന്ന പ്രതീക്ഷയാണ് ഈ സദ്പ്രവൃത്തിക്ക് പിന്നില്‍.
വനസംരക്ഷണത്തിനും പ്രകൃതി പരിപാലനത്തിനുമായി നീക്കിവെച്ച ജീവിതമാണ് സി.കെ.രാജേന്ദ്രന്റേത്. തന്റെ ഔദ്യോഗിക ജീവിതത്തിന്റെ അവസാനനിമിഷവും പ്രകൃതിയോട് ചേര്‍ന്ന് ആഘോഷിക്കുകയായിരുന്നു അദ്ദേഹം. സേവനകാലത്ത്
വനസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സി.കെ.രാജേന്ദ്രന്‍ വിരമിക്കല്‍ വേളയിലും പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് മാതൃകയായി.
പ്രകൃതിയോടുള്ള സ്‌നേഹവും സാമൂഹിക ഉത്തരവാദിത്വവും ഒരുപോലെ വിളിച്ചോതിയ
യാത്രയയപ്പ് ചടങ്ങ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഭദ്രന്‍ ഉദ്ഘാടനം ചെയ്തു.
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പ്രതീഷ്, ലിന്റോ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ
ഹക്കീം, ശ്രീജിത്ത്, സുമേഷ്, ഹരികൃഷ്ണന്‍, സന്ദീപ്, സുജിത്ത്, രതീഷ്, വാച്ചര്‍മാരായ സന്തോഷ്, രജനി, മണി, രതീഷ്, വിജയന്‍, കുടുംബാംഗങ്ങളായ ബിനിഷ ടി ടി, വടയക്കണ്ടി നാരായണി, ബാബു കൂത്താളി, ബിജു മൂഴിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
















