
ന്യൂഡല്‍ഹി: കൊക്രോച്ച് മുന്നേറ്റത്തിന്റെ സ്ഥാപകന്‍ അഭിജീത് ദീപ്‌കെ ഡല്‍ഹി വിമാനത്താവളത്തിലെത്തി. യു.എസില്‍നിന്നുള്ള വിമാനമിറങ്ങി ഒരുമണിക്കൂറിന്
ശേഷമാണ് പുറത്തിറങ്ങിയത്. നൂറുകണക്കിന് യുവാക്കള്‍ പുറത്ത് തടിച്ചുകൂടിയിരുന്നു. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനെതിരെയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ വെച്ച് തന്നെ പോലീസ് അഭിജീത്തുമായി സംസാരിച്ചു. നിലവില്‍ ജന്തര്‍മന്ദറില്‍ പ്രതിഷേധിക്കാനുള്ള അനുമതി പോലീസ് നല്‍കി. വിമാനത്താവളത്തിലെത്തിയ യുവാക്കളോട് ജന്ദര്‍മന്ദറില്‍ എത്താനും നിര്‍ദേശിച്ചു. 10 മുതല്‍
അഞ്ച് മണിവരെയാണ് പ്രതിഷേധിക്കാനുള്ള സമയം അനുവദിച്ചത്. സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പോലീസ് നിര്‍ദേശിച്ചു.
ഒരു കാരണവശാലും പ്രതിഷേധക്കാരെ പ്രകോപിപ്പിക്കരുത് എന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശമുണ്ട്. ഡല്‍ഹിയില്‍ 12 സോണുകളിലായി 2000 ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഓരോ സോണിലും ഉന്നത ഉദ്യോഗസ്ഥനാണ് ചുമതല. ജന്തര്‍മന്തറില്‍ എത്തിയ പ്രവര്‍ത്തകരെ പോലീസ് കയറ്റി വിടുന്നുണ്ട്. പ്രതിഷേധത്തിന് എത്തിയവരെ പോലീസ് തടയുന്നില്ല. ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ പുസ്തകവുമായാണ് അഭിജീത് ജന്തര്‍മന്ദറിലെത്തുന്നത്. അനുയായികളോടും പുസ്തകം കൈയില്‍ കരുതാന്‍ ആവശ്യപ്പെട്ടിരുന്നു.
















