ബെംഗളൂരു: മന്ത്രിസഭാ രൂപീകരണത്തിന് പിന്നാലെ ഡി കെ ശിവകുമാർ സർക്കാരിന് കനത്ത തിരിച്ചടി. മന്ത്രിസഭ വിഭജനത്തിൽ അതൃപ്തി അറിയിച്ച് മന്ത്രി രാമലിംഗ റെഡ്ഡി
രാജിവെച്ചു. ഡി കെ മന്ത്രിസഭയിൽ ജലസേചന മന്ത്രിസ്ഥാനമാണ് രാമലിംഗ റെഡ്ഡിക്ക് ലഭിച്ചത്. മന്ത്രിസഭയോട് കടുത്ത അതൃപ്തി പ്രകടമാക്കിയാണ് റെഡ്ഡി രാജി കത്ത് നൽകിയത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് രാജികത്ത് കൈമാറിയിട്ടുണ്ട്. ബെംഗളൂരു വികസനകാര്യ വകുപ്പ് വേണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം. ‘തനിക്ക് ബെംഗളൂരു വികസനകാര്യ വകുപ്പ് നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രി ഡി കെ ശിവകുമാർ നേരിട്ട് രണ്ട് തവണ ഉറപ്പ് നൽകിയതാണ്’. രാജികത്ത് സമർമ്മിച്ച ശേഷം മാധ്യമങ്ങളോട്
പ്രതികരിക്കവെ രാമലിംഗ റെഡ്ഡി പ്രതികരിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് കർണാടക മന്ത്രി സഭാ പദവികളിൽ തീരുമാനമായത്. മുഖ്യമന്ത്രി ഡി കെ ശിവകുമാർ ധനകാര്യം, കാബിനറ്റ്, പേഴ്‌സണൽ & അഡ്മിനിസ്ട്രേറ്റീവ് റിഫോംസ്, ഇന്റലിജൻസ്, കൂടാതെ അനുവദിക്കാത്ത എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യും. മല്ലികാർജുൻ ഖാർഗെ യുടെ മകൻ പ്രിയങ്ക് ഖാർഗെയാണ് ആഭ്യന്തര വകുപ്പ് മന്ത്രി. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയ്ക്ക് റവന്യൂ, കായിക വകുപ്പുകൾ നൽകി. കെ ജെ ജോർജ് ഊർജ്ജവും വിനോദസഞ്ചാരവുമാണ് കൈകാര്യം ചെയ്യുക. യുടി ഖാദറിന് ആരോഗ്യവും കുടുംബക്ഷേമ വകുപ്പുമാണ് നൽകിയത്. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യക്കാണ് നഗരവികസനം ലഭിച്ചത്. അതിനിടെ
മന്ത്രിസഭ വിഭജനത്തിൽ അതൃപ്തി അറിയിച്ച് മറ്റൊരു മുതിർന്ന നേതാവായ കെഎച്ച് മുനിയപ്പയും രംഗത്തെത്തി. വകുപ്പ് വിഭജനത്തിൽ ഏറ്റവും സീനിയറായ തന്നെ അവഗണിച്ചെന്നാണ് മുനിയപ്പയുടെ ആരോപണം. ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് ആണ് മുനിയപ്പയ്ക്ക് നൽകിയിരുന്നത്. എന്നാൽ സീനിയോറിറ്റി പരിഗണിച്ചുള്ള വകുപ്പ് വേണമെന്ന ആവശ്യത്തിലാണ് മുനിയപ്പ. തന്റെ അതൃപ്തി കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.
















