തിരുവനന്തപുരം: നാലാഞ്ചിറയില്‍ വീട്ടമ്മ കഴുത്തറുത്ത് കൊല ചെയ്യപ്പെട്ട നിലയില്‍.
ഉദയന്നൂര്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബിവി (36) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം ഭര്‍ത്താവ് സുരേഷ് (46) കാറില്‍ കയറി രക്ഷപ്പെട്ടു. കുടുംബവഴക്കിനെ തുടര്‍ന്ന് മക്കളുടെ മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. വീട്ടിലെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലാണ് കൊലപാതകം നടന്നത്. ദമ്പതികളുടെ മകള്‍ അമൃതയാണ് വിവരം പോലീസ് സ്റ്റേഷനില്‍ അറിയിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ പോലീസ്
ഹസീനയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വട്ടിയൂര്‍ക്കാവ് സ്വദേശികളായ ദമ്പതികള്‍ നാലാഞ്ചിറയിലെ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. സുരേഷും ഹസീനയും തമ്മില്‍ നേരത്തെ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സുരേഷിനെതിരെ കഴിഞ്ഞ ദിവസം ഹസീന പോലീസില്‍ പരാതി നല്‍കാന്‍ എത്തിയിരുന്നു. സുരേഷിനെ പോലീസ് സ്റ്റേഷനില്‍
വിളിച്ചുവരുത്തി പ്രശ്നം പരിഹരിച്ചുവിട്ടതാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടാകുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് സുരേഷ് ഭാര്യയുടെ കഴുത്തറുത്തത്. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട ഇയാള്‍ക്കായി പോലീസ് ഊര്‍ജിതാന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















