
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഡിവൈഎഫ്‌ഐ
നേതാവ് ശ്രീജിത്ത് അടക്കം ഏഴു പേര്‍ അറസ്റ്റില്‍. അക്രമം നടത്തിയവരില്‍ പന്ത്രണ്ടു പേരെ തിരിച്ചറിഞ്ഞെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച് വെങ്കടേഷ് പറഞ്ഞു. പ്രതികളുടെ ഫോട്ടോയും പോലീസ് നേതാക്കള്‍ക്ക് കൈമാറി. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ പാളയം ഏരിയ കമ്മിറ്റി ഓഫിസിലുണ്ട് എന്ന വിവരത്തെത്തുടര്‍ന്ന് പോലീസ് അവിടെയെത്തിയിരുന്നു. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരും പോലീസുമായി സംഘര്‍ഷവുമുണ്ടായി. മുന്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള നേതാക്കള്‍ പോലീസുമായി ചര്‍ച്ച നടത്തി.
പ്രതികളെ പിടികൂടാനായി പാര്‍ട്ടി ഓഫീസിലേക്ക്
കയറുമെന്നും നടപടി സ്വീകരിക്കാന്‍ ഡിജിപിയുടെ നിര്‍ദേശമുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോലീസിനെ പാര്‍ട്ടി ഓഫീസില്‍ കയറാന്‍ സമ്മതിക്കില്ലെന്ന നിലപാടാണ് വി. ശിവന്‍കുട്ടി ഉള്‍പെടെയുള്ള നേതാക്കള്‍ സ്വീകരിച്ചത്. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന നിലപാടില്‍ പൊലീസ് ഉറച്ചു നിന്നു. ഇതിനു പിന്നാലെയാണ് ഏഴ് പേര്‍ അറസ്റ്റിലാകുന്നത്. ഉദ്യോഗസ്ഥർ വന്ന മൂന്ന് കാറുകളുടെ ഗ്ലാസാണ് പ്രവർത്തകർ തകർത്തത്. വലിയ സംഘർഷത്തിനാണ് തിരുവനന്തപുരം സാക്ഷിയായത്. പിണറായി വിജയന്റെ രണ്ട് വീടുകളിലടക്കം 12 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.
















