വടകര: സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരുടെയും സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെയും മേഖലതല സംഗമം വടകര
ടൗണ്‍ ഹാളില്‍ നടന്നു. പൊതുവിദ്യാഭ്യാസ മേഖലയിലെ ഭിന്നശേഷി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെയും അധ്യാപകരുടെ ശേഷി വികസിപ്പിക്കുന്നതിന്റെയും ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. വടകര, കുന്നുമ്മല്‍, തോടന്നൂര്‍, തൂണേരി, മേലടി, പന്തലായനി എന്നീ ബിആര്‍സികളിലെ പ്രവര്‍ത്തനങ്ങള്‍ ചടങ്ങില്‍ വിലയിരുത്തി. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമഗ്ര രൂപരേഖ തയ്യാറാക്കുകയും ചെയ്തു. കോഴിക്കോട് ഡിപിസി നിസാര്‍ ചേളേരി ഉദ്ഘാടനം നിര്‍വഹിച്ചു. കുന്നുമ്മല്‍ ബിപിസി എം.ടീ.പവിത്രന്‍ അധ്യക്ഷത വഹിച്ചു. വടകര ഡിഇഒ പി.ഗീത മുഖ്യാതിഥിയായി. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. യു.കെ.അബ്ദുന്നാസര്‍ മുഖ്യപ്രഭാഷണം നടത്തി. മേലടി ബിപിസി സുമംഗല, തോടന്നൂര്‍ ബിപിസി കൃഷ്ണ കുമാര്‍, പന്തലായനി ബിപിസി വികാസ്, സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍ പ്രസന്ന, സ്‌പെഷ്യല്‍ എജുക്കേറ്റര്‍ സില്‍ജ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വടകര ബിപിസി പി.പി.മനോജ് സ്വാഗതവും ബിആര്‍സി ട്രെയിനര്‍ ടി.ഷൈജു നന്ദിയും പറഞ്ഞു.















