
വടകര: നഗരസഭയിലെ ചുങ്കം കടപ്പുറത്ത് തീരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുലിമൂട്ട് നിര്‍മിക്കുന്നതിനു സാധ്യതാ പഠനം നടത്താനും ഡിസൈന്‍ തയ്യാറാക്കാനും
സാമ്പത്തികാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മത്സ്യതൊഴിലാളി ഫെഡറേഷന് (എസ്ടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ചാന്‍ അലിയുടെ നേതൃത്വത്തില്‍ ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂറിന് നിവേദനം നല്കി.
2023 ജൂലൈയില്‍ നടന്ന തീര സദസില്‍ അന്നത്തെ ഫിഷറീസ് മന്ത്രിക്ക് നല്കിയ അപേക്ഷ പരിഗണിച്ച് തീരശോഷണം തടയാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുലിമൂട്ട് നിര്‍മിക്കാനും സാങ്കേതിക പഠനം നടത്താനും സാമ്പത്തികം
അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. അതിന് ഇതുവരെ ഫണ്ട് അനുവദിക്കാത്തതിനാലാണ് വാര്‍ഡ് കൗണ്‍സിലര്‍ വി.വി. നിസാബിയുടെ അപേക്ഷയും മത്സ്യ തൊഴിലാളി ഫെഡറേഷന്റെ നിവേദനവും മന്ത്രിക്ക് കൈമാറിയത്. ഇത് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഫിഷറീസ് മന്ത്രി ഉറപ്പു നല്‍കിയതായി നിവേദകസംഘം അറിയിച്ചു. ഉമ്മര്‍ ഓട്ടുമ്മല്‍, ഇസ്മായില്‍ കമ്പര്ദാര്, എന്‍.പി. ഹംസ എന്നിവരടങ്ങിയ സംഘമാണ് നിവേദനം നല്‍കിയത്.
















